വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസില്‍ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ നിലയില്‍

ദില്ലി: അമൃത പാണ്ഡെ എന്നറിയപ്പെടുന്ന ഭോജ്പുരി നടി അന്നപൂർണയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 27 ന് ബീഹാറിലെ ഭഗല്‍പൂരിലെ അപ്പാർട്ട്‌മെൻ്റിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന് മുമ്ബ് നടി ഇൻസ്റ്റാഗ്രാമിലിട്ട ഒരു നിഗൂഢ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ഭഗല്‍പൂരിലെ അപ്പാർട്ടുമെൻ്റില്‍ നടിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോഗ്‌സർ പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. സംഭവ സ്ഥലം ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്‌എസ്‌എല്‍) പരിശോധിച്ചു. സ്ഥലത്ത് നിന്ന് കഴുത്തിലെ സാരി കുരുക്കും മൊബൈലും മറ്റ് സാമഗ്രികളും കണ്ടെടുത്തു. ഭോജ്പുരിയിലും ഹിന്ദിയിലും നിരവധി സിനിമകളിലും ഷോകളിലും വെബ് സീരീസുകളിലും പരസ്യങ്ങളിലും പ്രവർത്തിച്ച നടിയാണ് അന്നപൂർണ.

മരിക്കുന്നതിന് മുമ്ബ്, അന്നപൂർണയുടെ വാട്സ്‌അപ്പ് സ്റ്റാറ്റസ് പുറത്തുവന്നു. ജീവിതം രണ്ട് ബോട്ടുകളിലായിരുന്നുവെന്നും, ബോട്ട് മുക്കി വഴി എളുപ്പമാക്കിയെന്നുമായിരുന്നു സ്റ്റാറ്റസ്. അതേസമയം ഏപ്രില്‍ 27ന് വൈകുന്നേരമാണ് ആത്മഹത്യാ വിവരം ലഭിച്ചതെന്ന് ജോഗ്സർ പൊലീസ് അറിയിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കട്ടിലില്‍ കാണുകയായിരുന്നു. കേസിൻ്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ അമൃതയുടെ സഹോദരി മുറിയിലേക്ക് പോയതായി വീട്ടുകാർ പറയുന്നു. ഈ സമയത്ത് അവളെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. വീട്ടുകാർ കുരുക്ക് മുറിച്ച്‌ ഉടൻ തന്നെ നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

ഏപ്രില്‍ 26-ന് നടന്ന സഹോദരി വീണയുടെ വിവാഹത്തിന് അമൃത എത്തിയതായി കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍ എന്താണ് അവളെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്ന് ആർക്കും അറിയില്ലെന്നും കുടുംബം പറയുന്നു. മുംബൈയില്‍ താമസിക്കുന്ന ആനിമേഷൻ എഞ്ചിനീയറായ ചന്ദ്രമണി ജംഗദിനെയാണ് അമൃത വിവാഹം കഴിച്ചത്. അവർക്ക് കുട്ടികളില്ല. അമൃത തൻ്റെ കരിയറിനെ കുറിച്ച്‌ വളരെയധികം ആശങ്കാകുലയായിരുന്നുവെന്ന് സഹോദരി പറയുന്നു. സഹോദരി വിഷാദാവസ്ഥയിലായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നും സഹോദരി പറഞ്ഞു. ഭോജ്പുരി സിനിമകള്‍ക്ക് പുറമെ ഒരു വെബ് സീരീസിലും അമൃത പ്രവർത്തിച്ചിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും അവർ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് അമൃതയുടെ ഹൊറർ വെബ് സീരീസായ ‘പ്രതിശോധ്’ ആദ്യഭാഗം പുറത്തിറങ്ങിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)