നിരവധി കാറുകള്‍ ഒരൊറ്റ പ്ലാറ്റ്‍ഫോമില്‍, ഇതാ ടാറ്റ അവിന്യ ഇവി സീരീസ്
നിലവില്‍ രാജ്യത്തെ ഇലക്‌ട്രിക് വാഹന വിപണിയില്‍ ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളാണ് ടാറ്റാ മോട്ടോഴ്‌സ്.അവിനിയ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള കാറുകള്‍ 2026 സാമ്ബത്തിക വർഷം മുതല്‍ പുറത്തിറക്കാൻ കമ്ബനി പദ്ധതിയിട്ടിട്ടുണ്ട്. ആദ്യ വാഹനം 2026 മാർച്ചിന് മുമ്ബ് ഡീലർഷിപ്പുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജാഗ്വാർ ലാൻഡ് റോവറിൻ്റെ (ജെഎല്‍ആർ) ഇഎംഎ പ്ലാറ്റ്‌ഫോമിലാണ് അവിനിയ സീരീസ് ഇലക്‌ട്രിക് കാറുകള്‍ നിർമ്മിക്കുന്നത്. ടാറ്റ പാസഞ്ചർ ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടിപിഇഎം) ജെഎല്‍ആറും തമ്മിലുള്ള ഉടമ്ബടിയുടെ ഭാഗമായാണ് ഈ പദ്ധതി.
ഈ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് (എംഒയു) പ്രകാരം, അവിനിയ സീരീസിലെ ടാറ്റയുടെ പ്രീമിയം ഇലക്‌ട്രിക് വാഹനങ്ങള്‍ ജെഎല്‍ആറിൻ്റെ മോഡുലാർ ആർക്കിടെക്ചർ ഉപയോഗിക്കും. പ്ലാറ്റ്‌ഫോം പങ്കിടലിലൂടെ ഗവേഷണ-വികസന ചെലവുകള്‍ കുറച്ചുകൊണ്ട് രണ്ട് കമ്ബനികള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് ഈ സഹകരണം. ജെഎല്‍ആർ അതിൻ്റെ വരാനിരിക്കുന്ന ഇലക്‌ട്രിക് മിഡ്-സൈസ് എസ്‌യുവികള്‍ക്കായി ഇഎംഎ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ പദ്ധതിയിടുന്നു. അത് 2025 മുതല്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കും.
ഭാവിയിലെ ഇലക്‌ട്രിക് മൊബിലിറ്റിക്കായുള്ള ടാറ്റ മോട്ടോഴ്‌സിൻ്റെ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്ന അവിനിയ കണ്‍സെപ്റ്റ് 2022-ലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. ഇത് ഒരു പ്രത്യേക സെഗ്‌മെൻ്റില്‍ ഉള്‍പ്പെടുന്നില്ല. എംപിവികളും എസ്‌യുവികളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളുടെ അടിസ്ഥാനം അവിനിയ പ്ലാറ്റ്‌ഫോമായിരിക്കുമെന്ന് ടാറ്റ പറയുന്നു. ഒറ്റ ചാർജില്‍ 500 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ഭാരം കുറഞ്ഞ ഡിസൈൻ ആണ് ഈ ജെൻ 3 പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നത്.
അവിനിയ സീരീസിന് പുറമേ, ടാറ്റ മോട്ടോഴ്‌സില്‍ നിന്നും മറ്റ് ഇലക്‌ട്രിക് വാഹന ലോഞ്ചുകളും ഒരുങ്ങുന്നുണ്ട്. ഹാരിയർ ഇവി, കർവ്വ് ഇവി എന്നിവ 2025 സാമ്ബത്തിക വർഷത്തില്‍ പുറത്തിറങ്ങും. കർവ്വ് ഇവി 2024-ലെ ഉത്സവ സീസണിലും ഹാരിയർ ഇവി 2025 മാർച്ചിലും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 2026 സാമ്ബത്തിക വർഷത്തില്‍ സിയറ ഇവി അരങ്ങേറ്റം കുറിക്കും.