സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ശമ്ബളമില്ല; കുരുന്നുകള്‍ക്ക് അന്നമൂട്ടുന്നവരുടെ വീടുകളില്‍ പുകയുന്നത് ദുരിതം

ചെറുതോണി: സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും കുരുന്നുകള്‍ക്ക് അന്നമൂട്ടുന്ന കരങ്ങള്‍ ദുരിതം മാത്രം. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പാചകത്തൊഴിലാളികള്‍ക്ക് നാലഞ്ചുമാസമായി ശമ്ബളമില്ലാത്ത സാഹചര്യമാണ്.യൂണിഫോം അലവൻസും നിഷേധിച്ചിരിക്കുകയാണ്. അവധിക്കാല അലവൻസ് 2000 രൂപയാണ്. ഇതും നല്‍കിയിട്ടില്ല.

ഇവരുടെ സേവനം സ്ഥിരം ജീവനക്കാരുടേതിന് തുല്യമായി പരിഗണിച്ച്‌ സർക്കാർ ഉത്തരവിറങ്ങിയിട്ടും മാനേജ്മെന്‍റ് സ്കൂളുകള്‍ ഉള്‍പ്പെടെ പാചകത്തൊഴിലാളികളെ അവഗണിക്കുന്നതില്‍ മാറ്റമൊന്നുമില്ല.

പല ഹെഡ്മാസ്റ്റർമാരും പാചകത്തൊഴിലാളികളുടെ വേതനം സംബന്ധിച്ച റിപ്പോർട്ടും ബില്ലും ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളിലേക്ക് നല്‍കാൻ താമസിക്കുന്നതുകൊണ്ടാണ് ശമ്ബളം വൈകാൻ കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളിലെ ജീവനക്കാരുടെ അനാസ്ഥയും ഇതിന്‍റെ പിന്നിലുണ്ട്. എല്ലാ മാസവും രണ്ടാം തീയതി തന്നെ ശമ്ബളം തരണമെന്നാണ് ഇവരുടെ ആവശ്യം.

ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് 500 രൂപയും അഞ്ചു വർഷം പൂർത്തിയാക്കിയവർക്ക് 550 രൂപയും 10 വർഷം പൂർത്തിയായവർക്ക് 600 രൂപയുമാണ് ദിവസ വേതനം. 500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളില്‍ രണ്ട് പാചകത്തൊഴിലാളികളെ നിയമിക്കണമെന്നാണ് ചട്ടം.

ഇത് പലയിടത്തും പാലിക്കാറില്ല. പാചകത്തൊഴിലാളികളുടെ ശമ്ബളം സമയത്തു കൊടുക്കാതെ അധികൃതർ തിരിമറി നടത്തുന്നതായ പരാതിയെത്തുടർന്ന് എ.ഇ.ഒ ഓഫിസുകളില്‍നിന്ന് വേതനം തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് അയക്കുകയാണ്.

വർഷങ്ങളായി തുച്ഛമായ ശമ്ബളത്തിന് ജോലി ചെയ്യുന്ന പാചകത്തൊഴിലാളികള്‍ക്കായി പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ഇവരുടെ പ്രായപരിധി 60 വയസ്സായി പരിമിതപ്പെടുത്തിയെങ്കിലും പിന്നീട് ഒരു വർഷംകൂടി നീട്ടി നല്‍കി.

മറ്റു തൊഴില്‍ ചെയ്യുന്നവർക്ക് തൊഴിലിടങ്ങളില്‍വെച്ച്‌ അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെങ്കിലും പാചകത്തൊഴിലാളികള്‍ക്ക് ഈ പരിഗണനയില്ല. പാചകത്തൊഴിലാളികള്‍ക്കു മാത്രം ഒരു ക്ഷേമപദ്ധതിയും നിലവിലില്ല.

ചില മാനേജ്മെന്‍റ് സ്കൂളുകളില്‍ പാചകത്തൊഴിലാളികളെ ഓരോ വർഷവും കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നതും ഇവരുടെ ആനുകൂല്യങ്ങള്‍ നഷ്ടമാകാൻ കാരണമാകുന്നു.

സർക്കാർ നിർദേശമുണ്ടായിട്ടും അവധിക്കാലത്ത് പാചകത്തൊഴിലാളികള്‍ ജോലി ചെയ്തില്ലെന്ന് പറഞ്ഞ് ഇവരുടെ അലവൻസ് ചില സ്കൂള്‍ അധികൃതല്‍ കൊടുക്കാറില്ല. പാചകത്തൊഴിലാളികള്‍ കൂടുതലും നിർധന വീടുകളിലെ സ്ത്രീകളാണ്.