ഇതെന്ത് മറിമായമെന്ന് ഹോണ്ട! ഇവിടെ കാറുകള്‍ ‘കൂമ്ബാരമാകു’മ്ബോള്‍ അവിടെ പരിപാടി ഗംഭീരമാകുന്നു!

ഇന്ത്യൻ ഉപഭോക്താക്കള്‍ക്കിടയില്‍ ജാപ്പനീസ് കാർ ബ്രാൻഡായ ഹോണ്ടയുടെ കാറുകള്‍ എന്നും ജനപ്രിയമാണ്. എങ്കിലും, കഴിഞ്ഞകുറച്ചുകാലമായി ഹോണ്ട കാറുകളുടെ ഡിമാൻഡില്‍ തുടർച്ചയായ കുറവുണ്ടായി.കഴിഞ്ഞ മാസത്തെ അതായത് 2024 ഓഗസ്റ്റിലെ കമ്ബനിയുടെ കാർ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍, നിരാശയായിരുന്നു ഫലം. ആഭ്യന്തര വിപണിയില്‍ ഹോണ്ട 5,326 യൂണിറ്റ് കാറുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. ഒരുവർഷം മുമ്ബ്, അതായത് 2023 ഓഗസ്റ്റില്‍, ഹോണ്ട ഇന്ത്യൻ വിപണിയില്‍ മൊത്തം 7,880 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചിരുന്നു. അതായത്, ഈ കാലയളവില്‍, വാർഷിക അടിസ്ഥാനത്തില്‍ ഹോണ്ട കാറുകളുടെ വില്‍പ്പനയില്‍ 32.41 ശതമാനം ഇടിവുണ്ടായി. വില്‍പ്പന വർദ്ധിപ്പിക്കുന്നതിനായി, കമ്ബനി വരും ദിവസങ്ങളില്‍ നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതില്‍ ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റും ഉള്‍പ്പെടുന്നു.

അതേസമയം ഈ കാലയളവില്‍ കയറ്റുമതിയില്‍ ഹോണ്ട അത്ഭുതങ്ങള്‍ സൃഷ്‍ടിച്ചു. കഴിഞ്ഞ മാസം 5,817 യൂണിറ്റ് കാറുകളാണ് ഹോണ്ട കയറ്റുമതി ചെയ്തത്. കൃത്യം ഒരു വർഷം മുമ്ബ്, അതായത് 2023 ഓഗസ്റ്റില്‍, 2,189 യൂണിറ്റ് കാറുകള്‍ മാത്രമാണ് ഹോണ്ട കയറ്റുമതി ചെയ്തത്. അതായത് ഹോണ്ടയുടെ കയറ്റുമതിയില്‍ വാർഷികാടിസ്ഥാനത്തില്‍ 165.74 ശതമാനം വർധനയുണ്ടായി. അതേ സമയം, കമ്ബനിയുടെ ആഭ്യന്തര, കയറ്റുമതി സംയോജപ്പിച്ച്‌ നോക്കുകയാണെങ്കില്‍, കഴിഞ്ഞ മാസം ഹോണ്ട 11,143 യൂണിറ്റ് കാറുകള്‍ വിറ്റു. 2023 ഓഗസ്റ്റില്‍, ഈ കണക്ക് 10,069 യൂണിറ്റായിരുന്നു. ഇക്കാലയളവില്‍ ഹോണ്ടയുടെ മൊത്തം കാർ വില്‍പ്പനയില്‍ വാർഷികാടിസ്ഥാനത്തില്‍ 10.67 ശതമാനം വർധനയുണ്ടായി.

കമ്ബനി അതിൻ്റെ ജനപ്രിയ സെഡാനായ ഹോണ്ട അമേസിൻ്റെ അപ്‌ഡേറ്റ് പതിപ്പ് വരും മാസങ്ങളില്‍ അവതരിപ്പിക്കാൻ പോകുന്നു. ഇന്ത്യൻ ഉപഭോക്താക്കള്‍ക്കിടയില്‍ ഹോണ്ട അമേസ് എപ്പോഴും ജനപ്രിയമാണ്. എങ്കിലും, കുറച്ച്‌ കാലമായി ഹോണ്ട അമേസിൻ്റെ വില്‍പ്പനയില്‍ ഇടിവുണ്ടായി. അമേസിൻ്റെ വില്‍പ്പന വർധിപ്പിക്കുന്നതിനായി അതിൻ്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാൻ കമ്ബനി തയ്യാറെടുക്കുകയാണ്. 2024 അവസാനത്തോടെ അപ്‌ഡേറ്റ് ചെയ്ത ഹോണ്ട അമേസ് ഷോറൂമുകളില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.