രാത്രി ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചിട്ടു, രാവിലെ ഓട്ടം തുടങ്ങിയപ്പോള്‍ ബസ് നിന്നു; സിസിടിവിയില്‍ കണ്ടത് മോഷണം

ആലപ്പുഴ: ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും ഡീസല്‍ കവർന്നതായി പരാതി. സിസിടിവി ദൃശ്യങ്ങള്‍ നൂറനാട് പൊലീസിന് കൈമാറി.താമരക്കുളം നെടിയാണിക്കല്‍ ക്ഷേത്രത്തിന് സമീപം റോഡരികില്‍ നിർത്തിയിട്ടിരുന്ന അഫ്സാന മോള്‍ എന്ന് പേരുള്ള രണ്ട് ബസുകളില്‍ നിന്നാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെ ഡീസല്‍ മോഷ്ടിച്ചത്.

പിറ്റേ ദിവസത്തെ ഓട്ടത്തിനായി ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചാണ് ഇട്ടിരുന്നത്. എന്നാല്‍ ഓട്ടം തുടങ്ങി അധിക ദൂരം പോകുന്നതിന് മുമ്ബ് ബസ് നിന്നതോടെയാണ് ഡീസല്‍ ടാങ്ക് കാലിയാണെന്ന് അറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വാഗണ്‍ ആർ കാർ ബസിന് സമീപം നിർത്തിയ ശേഷം കാറില്‍ നിന്നിറങ്ങിയ ആള്‍ കന്നാസില്‍ ഡീസല്‍ പകർന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. പരാതിക്കൊപ്പം ദൃശ്യങ്ങളും പൊലീസിന് നല്‍കിയിട്ടുണ്ട്. പരാതി സംബന്ധിച്ച്‌ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.