നീലേശ്വരത്ത് തെയ്യംകെട്ട് മഹോത്സവത്തിനിടെ അപകടം; 154 പേര്‍ക്ക് പരിക്ക്, ‘പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെ’

കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്ക്.

അപകടത്തില്‍ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്ബശേഖര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്.80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ പരിയാര മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്.

കാഞ്ഞങ്ങാട് ആശുപത്രിയില്‍ 16പേരും സഞ്ജീവനി ആശുപത്രിയില്‍ 10പേരും ഐശാല്‍ ആശുപത്രിയില്‍ 17 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും കണ്ണൂര്‍ മിംസില്‍ 18പേരും കോഴിക്കോട് മിംസില്‍ രണ്ട് പേരും അരിമല ആശുപത്രിയില്‍ മൂന്നുപേരും കെഎഎച്ച്‌ ചെറുവത്തൂരില്‍ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയില്‍ അഞ്ചുപേരും ദീപ ആശുപത്രിയില്‍ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജില്‍ 18പേരുമാണ് ചികിത്സയിലുള്ളത്.

കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മാല പടക്കം പൊട്ടിച്ചപ്പോള്‍ ഇതില്‍ നിന്നുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച്‌ വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. അപകടത്തില്‍ കേസെടുത്ത പൊലീസ് അഞ്ചൂറ്റമ്ബലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.

അപകടം നടന്നസ്ഥലത്ത് നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. പൊള്ളലേറ്റതിന് പുറമെ തിക്കിലും തിരക്കിലും പെട്ടും നിരവധി പേര്‍ക്ക് പരിക്കേറ്റു. പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇമ്ബശേഖര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റർ വേണമെന്നാണ് നിയമം.

രണ്ടോ മൂന്നോ അടി അകലെ വച്ച്‌ പടക്കം പൊട്ടിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്‍റെ സമീപത്ത് തന്നെ പടക്കങ്ങള്‍ സൂക്ഷിച്ചതാണ് അപകടകാരണം. സ്ഥലത്ത് നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചുവെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ച്‌ തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. തെയ്യം മഹോത്സവത്തിനായി പൊട്ടിക്കുന്നതിനായി കൊണ്ടുവന്ന ഓലപടക്കങ്ങളും മറ്റു പടക്കങ്ങളും ബോക്സുകളിലായി സൂക്ഷിച്ചുവെച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള കലവറയിലാണ് ഇത് സൂക്ഷിച്ചിരുന്നത്. ഇതിലേക്ക് പടക്കം പൊട്ടിയിലുള്ള തീപ്പൊരി വീണതോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പരിക്കേറ്റവരെ ആദ്യം നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായ നിരവധി പേരെ മംഗലാപുരത്തെ സ്വകാര്യ ആശുപതികളിലേക്ക് മാറ്റിയിട്ടുണ്ട്. 1500ലധികം പേര്‍ തെയ്യംകെട്ട് മഹോത്സവത്തിന് എത്തിയിരുന്നു.