ബാങ്ക് തട്ടിപ്പ്:ശാഖകളില്‍നിന്ന് മുഖ്യശാഖയിലേക്കയച്ച ലക്ഷങ്ങള്‍ കാണാനില്ല;രേഖകള്‍ നഷ്ടപ്പെട്ടു

ഇരിട്ടി: കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന്റെ കോളിത്തട്ടിലെ മുഖ്യശാഖയിലേക്ക് പേരട്ട ശാഖയില്‍നിന്ന് മൂന്നുതവണയായി അടച്ച ലക്ഷങ്ങള്‍ കാണാതായെന്ന് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്.

ഇതടക്കം നിരവധി ക്രമക്കേടുകള്‍ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.പി.എം. നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമതിയെ ക്രമക്കേടിന്റെ പേരില്‍ കഴിഞ്ഞ ദിവസം ജില്ലാ സഹകരണസംഘം രജിസ്ട്രാർ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു.

2023 ജൂലായ് 15-ന് പേരട്ട ശാഖയില്‍നിന്ന് മുഖ്യശാഖയിലേക്ക് അയച്ച രണ്ടുലക്ഷം രൂപ, ഇതേ മാസം 22-ന് അയച്ച 1.50 ലക്ഷം, 2023 ഓഗസ്റ്റില്‍ അയച്ച 1.95 ലക്ഷം എന്നിവ മുഖ്യശാഖയുടെ കണക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് രജിസ്ട്രാറുടെ റിപ്പോർട്ടില്‍ പറയുന്നു.

സ്വത്തുപണയ വായ്പകള്‍ക്ക് ഈടായി സ്വീകരിക്കുന്ന ഭൂമിയുടെ വിപണിവില പെരുപ്പിച്ച്‌ കാണിച്ച്‌ സ്വന്തക്കാർക്ക് ലക്ഷങ്ങള്‍ വായ്പ നല്‍കി, സംഘത്തില്‍ പണയപ്പെടുത്തിയ സ്വർണപ്പണ്ടങ്ങള്‍ ദുരുപയോഗംചെയ്തു, പല അക്കൗണ്ടുകളിലൂടെയും വഴിവിട്ട ഇടപാട് നടത്തി, വ്യാജരേഖ ഉണ്ടാക്കി സംഘം ഫണ്ട് കൈവശപ്പെടുത്തി, ജീവനക്കാരുടെ ബന്ധുക്കളുടെയും അല്ലാത്തവരുടെയും പേരില്‍ വ്യാജ വായ്പയെടുത്തു, ഇത് കുടിശ്ശികവായ്പകളുടെ ഗണത്തില്‍പ്പെടുത്തി കാർഷിക കടാശ്വാസ പദ്ധതിപ്രകാരം എഴുതിത്തള്ളി, സർക്കാർഫണ്ട് ദുരുപയോഗം ചെയ്തു തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കർഷിക കടാശ്വാസ പദ്ധതിപ്രകാരം കുടിശ്ശികയായ കടങ്ങള്‍ എഴുതിത്തള്ളിയ ഇടപാടുകാരുടെ വിവരങ്ങള്‍ ബാങ്കില്‍ ലഭ്യമല്ലെന്നും കണ്ടെത്തി. കൃഷിക്കുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതി പ്രകാരം ബാങ്കിന്റെ പൊതു ഫണ്ട് ഉപയോഗിച്ച്‌ ഭൂമി വാങ്ങിയതിലും വെട്ടിപ്പുണ്ട്.

സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവിന് വിരുദ്ധമായുള്ള കംപ്യൂട്ടർ സോഫ്റ്റ്വേറാണ് ബാങ്കില്‍ ഉപയോഗിക്കുന്നത്. ഇത്തരം സോഫ്റ്റ്വേറിലൂടെ രേഖപ്പെടുത്തിയ എൻട്രികള്‍ പലതും കാണാനില്ല. 2022 ഫെബ്രുവരി 21 മുതല്‍ 2024 മാർച്ച്‌ 31വരെയുള്ള കാലയളവില്‍ 368 എൻട്രികള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച്‌ വിശദീകരിക്കാൻ ബാങ്ക് ജീവനക്കാർക്കോ ഭരണസമിതി അംഗങ്ങള്‍ക്കോ കഴിഞ്ഞില്ല. സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് അനുവദിക്കുമ്ബോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കാതെ 362 നിക്ഷേപ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകള്‍ അനുവദിച്ചതായും തെളിഞ്ഞു. ഇത്തരം അക്കൗണ്ടുകളിലെ പലവിവരങ്ങളും കംപ്യൂട്ടറില്‍ ഇല്ല. ജീവനക്കാരുടെ വിദ്യാഭ്യാസയോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും കണക്കിലെടുക്കുമ്ബോള്‍ കംപ്യൂട്ടറിലെ ഇത്തരം തിരിമറികള്‍ക്ക് ജീവനക്കാർ പ്രാപ്തരാണോ എന്നത് പരിശോധയ്ക്ക് വിധേയമാക്കേണ്ടതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ബാങ്കിന്റെ ആസ്തി 31. 32 ലക്ഷം, ബാധ്യത 14.92 കോടി

അന്വേഷണ റിപ്പോർട്ട് പ്രകാരം ബാങ്കിന്റെ ഇപ്പോഴത്തെ ആസ്തി കേവലം 31.32 ലക്ഷം രൂപയാണ്. ബാധ്യത 14.61 കോടിയും. ബാങ്കിന്റെ ഓഹരി മൂലധനം 44.06 ലക്ഷവും നിക്ഷേപ ബാക്കിയിരിപ്പ് 13.14 കോടിയും കേരളാ ബാങ്കില്‍നിന്ന് ലഭിച്ച വായ്പയുടെ ബാക്കിയിരുപ്പ് 10.52 കോടിയും ഉള്‍പ്പെടെ ബാങ്കിന്റെ ആകെ പ്രവർത്തന ഫണ്ട്് 24.10 കോടി രൂപയാണ്. ഇതില്‍ അംഗങ്ങള്‍ക്ക് നല്‍കിയ വായ്പയില്‍ തിരികെ ലഭിക്കാനുള്ള 9.18 കോടി കഴിച്ചാല്‍ 14.92 കോടി നീക്കിയിരിപ്പു വേണ്ടതാണ്. എന്നാല്‍ കേരളാ ബാങ്കിലുള്ള 1,56,620 രൂപയുടെ നിക്ഷേപവും കൈയിരിപ്പ് തുകയായി 12,049 രൂപയും സ്ഥാവരജംഗമവസ്തുക്കളില്‍ നിക്ഷേപിച്ച 29.63 ലക്ഷം രൂപയും ഉള്‍പ്പെടെ 31.32 ലക്ഷം രൂപയാണ് ബാങ്കിന്റെ കൈവശമുള്ള ആസ്തി. 14.92 കോടിയാണ് ബാങ്കില്‍നിന്ന് കാണാതായത്. നിലവിലുള്ള ആസ്തിവെച്ച്‌ നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാൻ വർഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.

സാമ്ബത്തിക ക്രമക്കേട്, നിയമവിരുദ്ധ പ്രവർത്തനങ്ങള്‍, അധികാര ദുർവിനിയോഗം, അച്ചടക്കലംഘനം, നിയമം, ചട്ടം, നിയമാവലി എന്നിവയുടെ ലംഘനം, കുറ്റംചെയ്തവരെ സംരക്ഷിക്കല്‍, സ്വജനപക്ഷപാതം എന്നിവ വഴി ബാങ്ക് ഭരണസമിതി സഹകരണ മേഖലയ്ക്ക് ആകെ നാണക്കേടാണെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.