മതിയായി, നിര്‍ത്തിപോകൂ! ഇങ്ങനെ കാണാന്‍ വയ്യ; രോഹിത്-കോലി സഖ്യത്തിന്റെ മോശം ഫോമില്‍ ആരാധകര്‍ക്ക് നിരാശ

അഡ്‌ലെയ്ഡ്: മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ട്രോളി സോഷ്യല്‍ മീഡിയ. ബാറ്റിംഗ് പ്രകടനം മാത്രമല്ല ക്യാപ്റ്റന്‍സിയിലും താരത്തിന് ശോഭിക്കാനാവുന്നില്ലെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ അഭിപ്രായം.ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ രോഹിത് വെറും ആറ് റണ്‍സെടുത്ത് പുറത്തായിരുന്നു. ആ ഇന്നിംഗ്‌സിലും താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് വിമര്‍ശനം കടുത്തത്. ഇനിയും വൈകാതെ വിരമിച്ച്‌ പോകൂവെന്ന് പറയുന്നവരുമുണ്ട്.

വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. എന്നാല്‍ തിരിച്ചുവരവ് മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരെ ആനന്ദിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന പരമ്ബരയിലും മോശമായിരുന്നു രോഹിത്തിന്റെ പ്രകടനം. ന്യൂസിലന്‍ഡിനെതിരെ ആറ് ഇന്നിംഗ്സുകള്‍ കളിച്ച രോഹിതിന്റെ സ്‌കോറുകള്‍ 11, 18, 8, 0, 52, 2 എന്നിങ്ങനെയായിരുന്നു. ബംഗ്ലാദേശിനെതിരെ അവസാന ടെസ്റ്റില്‍ 8, 23 എന്ന സ്‌കോറിനും രോഹിത് പുറത്തായി. അഡ്‌ലെയ്ഡില്‍ ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് റണ്‍സിന് പുറത്തായിരുന്നു രോഹിത്. ഇപ്പോള്‍ ക്യാപ്റ്റന്‍സിക്കും പഴി കേള്‍ക്കുകയാണ് രോഹിത്. ജസ്പ്രിത് ബുമ്ര തന്നെ നയിച്ചാല്‍ മതിയായിരുന്നുവെന്നും രോഹിത് വീട്ടിലിരുന്നാല്‍ മതിയായിരുന്നുവെന്നും സോഷ്യല്‍ മീഡിയയിലെ സംസാരം. രോഹിത്തിനോട് മാത്രമല്ല, കോലിയോടും ആരാധകര്‍ക്ക് മറ്റൊന്നും പറയാനില്ല. 

രോഹിത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ അഡ്ലെയ്ഡില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ തകര്‍ച്ച നേരിടുകയാണ്. രാത്രി-പകല്‍ ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്ബോള്‍ അഞ്ചിന് 128 എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴും 29 റണ്‍സ് പിറകില്‍. റിഷഭ് പന്ത് (28), നിതീഷ് കുമാര്‍ റെഡ്ഡി (15) എന്നിവരാണ് ക്രീസില്‍. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ട്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 180നെതിരെ ഓസീസ് 337ന് എല്ലാവരും പുറത്താവുകയായിരുന്നു. 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.