മൗണ്ട് സിയോണ്‍ ലോ കോളേജില്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥി; അനുനയ ശ്രമം തുടരുന്നു
പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജില്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി.മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ അശ്വിനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്നാണ് ആരോപണം. ഡിറ്റൻഷൻ നടപടി നേരിട്ട അശ്വിൻ ആണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്.
അതിനിടെ, സംഭവത്തില്‍ അനുനയ ശ്രമവുമായി മാനേജ്മെന്റ് പ്രതിനിധികള്‍ രംഗത്തെത്തി. അശ്വിനടക്കമുള്ള നിരവധി വിദ്യാർത്ഥികള്‍ ഡിറ്റൻഷൻ നടപടി നേരിട്ടതായി വിദ്യാർത്ഥികള്‍ പറഞ്ഞു. ഡിറ്റൻഷൻ ചെയ്തത് അന്യായമായിട്ടാണെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും വിദ്യാർത്ഥികളെ കോളേജിലേക്ക് തിരിച്ചു കയറ്റുന്നില്ലെന്നും വിദ്യാർത്ഥികള്‍ പറയുന്നു. പ്രിൻസിപ്പാള്‍ കോളേജില്‍ തുടരുന്നത് ആശങ്കയുണ്ടെന്നും വിദ്യാർത്ഥികള്‍ വ്യക്തമാക്കി. അതേസമയം, ഡിറ്റൻഷൻ നടപടി നേരിട്ട എല്ലാവരേയും തിരിച്ചെടുക്കാമെന്ന് അഡ്മിനിസ്ട്രേറ്റർ സ്ഥലത്തെത്തി ഉറപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാർഥികള്‍ക്കെതിരായ നടപടി തിരുത്തണമെന്ന് സർവ്വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോളേജ് പ്രിൻസിപ്പല്‍ ഗിഫ്റ്റി ഉമ്മൻ പറഞ്ഞു. ഉടൻ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിൻസിപ്പല്‍ പ്രതികരിച്ചു. എന്നാല്‍ ഉറപ്പ് എഴുതി നല്കിയാല് മാത്രമേ പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയൂ എന്നാണ് വിദ്യാർത്ഥികളുടെ വാദം. നിലവില്‍ പ്രതിഷേധം തുടരുകയാണ് വിദ്യാർത്ഥികള്‍.