‘റിഷഭ് പന്ത് തലമുറയിലെ താരം’; സഞ്ജുവുമായിട്ടുള്ള താരതമ്യത്തിന് മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ താരം
മുംബൈ: ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസാണ് പ്രഖ്യാപിച്ചത്. വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയെ ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു.2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായും ഓപ്പണിംഗ് ബാറ്ററായും സ്ഥാനം നിലനിര്‍ത്തി. റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. സൂര്യുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരും ഇല്ല. അതേസമയം നിതീഷ് കുമാര്‍ റെഡ്ഡിയെ തിരിച്ചുവിളിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയും ഐസിസി ചാംപ്യന്‍സ് ട്രോഫിയും മുന്നിലുള്ളതുകൊണ്ടാണ് പന്തിനെ ടീമില്‍ നിന്ന് മാറ്റിയതെന്ന് കരുതുന്നത്. മാത്രമല്ല, കഴിഞ്ഞ അഞ്ച് ടി20 ഇന്നിംഗ്‌സില്‍ നിന്നും സഞ്ജു മൂന്ന് സെഞ്ചുറികള്‍ സ്വന്തമാക്കിയതും നിര്‍ണായകമായി. എന്നാലിപ്പോള്‍ പന്തിനെ ഒഴിവാക്കിയതിനോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും യൂട്യൂബറുമൊക്കെയായ ആകാശ് ചോപ്ര. എക്‌സില്‍ ക്രിക്കറ്റ് ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് ആകാശ് വിഷയത്തിലേക്ക് വന്നത്.
സ്റ്റാറ്റസുകള്‍ പരിശോധിക്കുമ്ബോള്‍, ചാംപ്യന്‍സ് ട്രോഫിയില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഇടം പിടിക്കാന്‍ സഞ്ജുവിനേക്കാള്‍ അര്‍ഹനാണോ പന്ത് എന്നായിരുന്നു ഒരാളുടെ ചോദ്യം. അതിന് അദ്ദേഹം മറുപടി കൊടുത്തത് പന്ത് തലമുറയില്‍ ഒരിക്കലെങ്കിലുമുണ്ടാകുന്ന താരമാണെന്നാണ്. ആകാശിന്റെ മറുപടിയിങ്ങനെ… ”ടി20 ക്രിക്കറ്റില്‍ സഞ്ജു ഓപ്പണറാകുന്നതിന് മുമ്ബ് 20ല്‍ താഴെയായിരുന്നു സഞ്ജുവിന്റെ ശരാശരി. അദ്ദേഹത്തെ ഓപ്പണറാക്കുന്നത് ആവശ്യമായിരുന്നു. ടോപ് ഓര്‍ഡറില്‍ സഞ്ജു അത്ഭുതങ്ങള്‍ കാണിച്ചു. പന്ത് തലമുറയില്‍ ഒരിക്കലെങ്കിലുമുണ്ടാകുന്ന താരമാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് പന്തിനെ മാറ്റനിര്‍ത്തുന്നത് പൂര്‍ണമായും ശരിയല്ലെന്ന് എനിക്ക് തോന്നുന്നു.” ആകാശ് വ്യക്തമാക്കി.
ഈ മാസം 22 മുതലാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്ബരയിലുള്ളത്. ഇതിനുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബരയിലും ഇന്ത്യ കളിക്കും. പരമ്ബരയ്ക്കുള്ള ഏകദിന ടീമിനേയും ചാംപ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വഡിനേയും പിന്നീട് പ്രഖ്യാപിക്കും. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവാനാണ് സാധ്യത. അദ്ദേഹത്തിന്റെ ബാക്ക് അപ്പായി റിഷഭ് പന്ത്, അല്ലെങ്കില്‍ സഞ്ജു സാംസണ്‍ എന്നിവരില്‍ ഒരാള്‍ ഇടം പിടിക്കും.