നിങ്ങള്‍ സോളോ ട്രാവലറാണോ? എങ്കില്‍ ഈ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്


യാത്രകള്‍ ചെയ്യുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ജോലിത്തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ യാത്ര ചെയ്യാൻ പലരും സമയം കണ്ടെത്താറുണ്ട്.സമ്മർദ്ദം കുറയ്ക്കാനും മറ്റ് എന്തെങ്കിലും മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് മോചനം നേടാനുമൊക്കെ പലരും യാത്രകള്‍ ചെയ്യാറുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുമുണ്ട്. സോളോ ട്രാവലേഴ്സ് എന്നാണ് അത്തരം സഞ്ചാരികളെ വിളിക്കാറ്. അത്തരത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ താത്പ്പര്യമുള്ളവർക്ക് പോകാൻ അനുയോജ്യമായ 5 ഡെസ്റ്റിനേഷനുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

ഹനോയി

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി പോകാൻ സാധിക്കുന്ന ഒരു കിടിലൻ സ്പോട്ടാണ് വിയറ്റ്നാമിലെ ഹനോയി. സുന്ദരമായ പുരാതന വാസ്തുവിദ്യ കൊണ്ടും സമ്ബന്നമായ സാംസ്കാരിക പൈതൃകം കൊണ്ടും ഹനോയി വേറിട്ടു നില്‍ക്കുന്നു. ചരിത്രപരമായ ക്ഷേത്രങ്ങള്‍ സന്ദർശിക്കാനും സാധിക്കും. വർണ്ണാഭമായ തെരുവുകളിലൂടെ നടക്കുന്നത് പോലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് വേറിട്ട അനുഭവം സമ്മാനിക്കും.

ബാങ്കോക്ക്

തായ്‌ലൻഡിന്റെ തലസ്ഥാന നഗരമായ ബാങ്കോക്ക് സോളോ ട്രാവലേഴ്സിന് അനുയോജ്യമായ ഇടമാണ്. എമറാള്‍ഡ് ബുദ്ധ ക്ഷേത്രവും ഗ്രാൻഡ് പാലസും തായ്ലൻഡിന്റെ രാജകീയമായ ഭൂതകാലത്തെയും അതിശയിപ്പിക്കുന്ന വാസ്തുവിദ്യയെയും ഉയർത്തിക്കാട്ടുന്നവയാണ്. യോഡ്പിമാൻ ഫ്ലവർ മാർക്കറ്റ് 24/7 പ്രവർത്തിക്കും. ഖാവോ സാൻ റോഡിലേയ്ക്ക് പോയാല്‍ പ്രാദേശിക ഭക്ഷണ വിഭവങ്ങളുടെ രുചിയറിയാം.

തായ്പേയ്

തായ്വാന്റെ തലസ്ഥാനമായ തായ്പേയ് ആണ് ലിസ്റ്റില്‍ മൂന്നാമത്. ആധുനിക വാസ്തുവിദ്യയും ശാന്തമായ പ്രകൃതി ദൃശ്യങ്ങളും ട്രക്കിംഗുമെല്ലാം തായ്പേയ് വാഗ്ദാനം ചെയ്യുന്നു.

ക്വാലാലംപൂർ


മലേഷ്യയുടെ തലസ്ഥാന നഗരമായ ക്വാലാലംപൂർ സോളാ ട്രാവലേഴ്സിന് അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട കെട്ടിടങ്ങളായ പെട്രോനാസ് ടവറുകള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിൻ്റെ സാംസ്കാരിക വൈവിധ്യം, താരതമ്യേന കുറഞ്ഞ ചിലവ്, ഷോപ്പിംഗ് വൈവിധ്യങ്ങള്‍ എന്നിവയാണ് ഇവിടുത്തെ ടൂറിസത്തെ വ്യത്യസ്തമാക്കുന്നത്.

സിംഗപ്പൂർ


സിംഗപ്പൂർ എക്കാലവും സഞ്ചാരികളെ ആകർഷിക്കുന്നയിടമാണ്. ഉയർന്ന അംബരചുംബികളായ കെട്ടിടങ്ങള്‍, പൂന്തോട്ടങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റ് വിനോദ പരിപാടികള്‍ എന്നിവ സിംഗപ്പൂരിലുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമാണ് സിംഗപ്പൂർ.