
ആലപ്പുഴ: ചായയ്ക്ക് മധുരമില്ലാത്തതിനാല്‍ പഞ്ചാസാര വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തില്‍ ആലപ്പുഴ ബീച്ചില്‍ യുവാവിനെ ആറംഗ സംഘം അടിച്ച് വീഴ്ത്തി.തൃശ്ശൂർ ഇരിങ്ങാലകുട പുളിക്കൻ ഹൗസില്‍ സിജോ ജോണ്‍ (36)ആണ് തലക്കും കൈക്കും പരിക്കുകളോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്നലെ വൈകിട്ട് ബീച്ചിലെ കാറ്റാടി ഭാഗത്താണ് സംഭവം.
ഇടപ്പള്ളിയിലെ ഓയില്‍ ഗ്യാസ് കമ്ബനിയിലെ ജീവനക്കാരനായ സിജോ ജോണ്‍ മറ്റ് മൂന്ന് പേരുമായിട്ടാണ് ബീച്ചില്‍ എത്തിയത്. കാറ്റാടി ഭാഗത്തെ കടയില്‍ നിന്ന് ചായ കുടിക്കുന്നതിനിടെ സിഗരറ്റ് കത്തിക്കാൻ ലാമ്ബ് ഉണ്ടോയെന്ന് ചോദിച്ചു. ഇതിന് ശേഷം ചായക്ക് അല്പം മധുരം വേണമെന്ന് പറഞ്ഞു. കടയുടമ ക്ഷുഭിതനായി ഇല്ലെന്ന് പറഞ്ഞു. ഇതിനെ തുടർന്ന് ഇരുവരും തർക്കത്തിലായി.

പിന്നീട് സഞ്ചാരികള്‍ ചായയുടെ പണവും നല്കി ബീച്ചിലേക്ക് പോയപ്പോള്‍ പിന്നാലെ എത്തിയ ആറംഗ സംഘം സ്റ്റീല്‍ കമ്ബിയും വടിയുകൊണ്ട് സിജോ ജോണിനെ അടിക്കുകയായിരുന്നു. തലക്കും ഇടതു കൈക്കും ഗുരുതരമായി പരിക്കേറ്റ സിജോജോണ്‍ നിലത്തു വീണു. ഇതിനിടെ പൊലീസ് എത്തുന്നത് കണ്ട അക്രമി സംഘം രക്ഷപ്പെട്ടു. പിന്നീട് സിജോ ജോണിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തലക്ക് ആറ് തുന്നലും ക്ഷതം പറ്റിയ ഇടത് കൈക്ക് പ്ളാസ്റ്ററും ഇട്ടു. സൗത്ത് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.