വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം, പടര്‍ന്ന് പന്തലിച്ച് പെരിയാര്‍ കടുവാ സങ്കേതം; ഇവിടുത്തെ ട്രക്കിംഗ് പൊളിയാണ്!

തേക്കടി എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ വന്യമൃഗങ്ങളാണ് സന്ദർശകരുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത്. ആനക്കൂട്ടങ്ങള്‍, അനന്തമായ മലനിരകള്‍, സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ എന്നിവയാണ് തേക്കടിയുടെ പ്രധാന സൗന്ദര്യം.തേക്കടിയിലെ പെരിയാർ വനങ്ങള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നാണ്. മനോഹരമായ ഭൂപ്രകൃതിയും മലനിരകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ ഈ പ്രദേശം ട്രെക്കിംഗിനും മലകയറ്റത്തിനും പേരുകേട്ടതാണ്.
171 ഇനം പുല്ലു വർഗ്ഗങ്ങളും 143 ഇനം ഓർക്കിഡുകളും ഉള്‍പ്പെടെ 1965 ല്‍പ്പരം തരം പൂച്ചെടികള്‍ പെരിയാർ കടുവാ സങ്കേതത്തില്‍ വളരുന്നുണ്ട്. പെഡകാർപസ് വോളീഷ്യാനസ് എന്ന ശാസ്ത്രനാമമുള്ള കോണിഫർ എന്നറിയപ്പെടുന്ന സസ്യം ദക്ഷിണേന്ത്യയില്‍ പെരിയാർ ടൈഗർ റിസർവിന്റെ കാടുകളില്‍ മാത്രം വളരുന്നവയാണ്. ഏഷ്യൻ ആന, ബംഗാള്‍ കടുവ, കാട്ടുപോത്ത്, മ്ലാവ്, ചെന്നായ്, പുള്ളിപ്പുലി, കേഴ മാൻ, നീർ നായ മുതലായ 60 ല്‍പ്പരം സസ്തനികളും 265 ഇനം പക്ഷികളും ഇവിടെയുണ്ട്. ഉയർന്ന കല്‍ക്കൂട്ടങ്ങളില്‍ വരയാടുകളും ഉള്‍വനങ്ങളില്‍ സിംഹവാലൻ കുരങ്ങുകളും കാണപ്പെടുന്നു. കോഴിവേഴാമ്ബല്‍, പാണ്ടൻ വേഴാമ്ബല്‍, കാട്ടുഞ്ഞാലി എന്നീ പക്ഷികള്‍ക്കു പുറമേ പലതരം കാക്കകളും മരംകൊത്തികളും കുരുവികളും ചിലപ്പൻ പക്ഷികളും മനോഹരമായ തീക്കാക്കകളും ഇവിടെ ധാരാളമുണ്ട്.

മൂര്‍ഖന്‍, അണലി, വള്ളിക്കെട്ടൻ എന്നീ വിഷപ്പാമ്ബുകള്‍ക്ക് പുറമേ വിഷമില്ലാത്ത പാമ്ബുകളും ഉടുമ്ബുകളും ഈ പ്രദേശത്ത് കാണപ്പെടുന്നുണ്ട്. പച്ചത്തവള, മണവാട്ടിത്തവള, മരത്തവള തുടങ്ങിയ വിവിധ തരം തവളകളും പലതരം മണ്ണിരകളും ഇവിടുത്തെ സാധാരണ കാഴ്ചയാണ്. തേയില, ഏലം, കുരുമുളക്, കാപ്പി മുതലായ തോട്ടങ്ങള്‍ ടൈഗർ റിസർവ്വിനു സമീപത്തായി ഉണ്ട്. വന്യജീവികളെ അടുത്തു കാണുന്നതിനും നിരീക്ഷിക്കുന്നതിനുമായി പെരിയാർ ടൈഗർ റിസർവിനുള്ളില്‍ ഏതാനും വാച്ച് ടവറുകളും ഉണ്ട്. ഇതിലേയ്ക്കുള്ള റിസർവേഷൻ തേക്കടിയിലെ ഫോറസ്റ്റ് ഇൻഫർമേഷൻ സെന്ററില്‍ നടത്താം.