ഹിജാബ് ധരിക്കാതെ പുറത്തിറങ്ങാൻ ആഹ്വാനം ചെയ്യുന്ന ഗാനം തയ്യാറാക്കിയ ഇറാനിയൻ ഗായകന് ചാട്ടവാറടി ശിക്ഷ
ടെഹ്റാൻ: ഇറാനില്‍ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങാൻ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്ന ഗാനം തയ്യാറാക്കിയ പ്രമുഖ ഗായകന് ചാട്ടവാറടി ശിക്ഷ.മെഹ്ദി യാറാഹി എന്ന പ്രമുഖ ഇറാൻ ഗായകനാണ് ബുധനാഴ്ച ഇറാൻ ചാട്ടവാറടി ശിക്ഷ നല്‍കിയത്. മദ്യം കഴിച്ചതിനും മദ്യം കൈവശം സൂക്ഷിച്ചതിനുമാണ് ശിക്ഷയെന്നാണ് അധികൃതർ വിശദമാക്കുന്നത്. സംഗീതത്തിന്റെ പേരിലായിരുന്നില്ല ശിക്ഷയെന്നുമാണ് ഇറാൻ ഔദ്യോഗിക വാർത്താ എജൻസി റിപ്പോർട്ട് ചെയ്യുന്നത്. 74 തവണ ചാട്ടവാറടി ഏറ്റതോടെ കേസ് അവസാനിപ്പിച്ചതായും ഇറാൻ വിശദമാക്കുന്നത്.
മെഹ്ദി യാറാഹിയുടെ റൂസാരിറ്റോ എന്ന ഗാനം വലിയ രീതിയില്‍ വൈറലായിരുന്നു. സൂര്യൻ അസ്തമിക്കുകയാണ് നിങ്ങളുടെ മൂടുപടം മാറ്റൂ, നിങ്ങളുടെ മുടിയിഴകള്‍ കാറ്റില്‍ ഉലയട്ടേയെന്നും കണ്ണീരിനെതിരെ ചിരിച്ച് പ്രതിഷേധിക്കാൻ ഭയക്കരുതെന്നും അർത്ഥം വരുന്ന റൂസാരിറ്റോ എന്ന ഗാനം ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റില്‍ ഗായകനെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. 2023ല്‍ സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികത്തിനായിരുന്നു മെഹ്ദി യാറാഹി റൂസാരിറ്റോ പുറത്തിറക്കിയത്.
2022ല്‍ മഹ്സ അമിനിയെന്ന 22 സദാചാര പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ മരിച്ചതിന് ശേഷം വലിയ രീതിയിലുള്ള ഹിജാബ് വിരുദ്ധ പ്രതിഷേധമാണ് ഇറാനില്‍ നടന്നത്. 2024ല്‍ കുറഞ്ഞത് 131 വ്യക്തികളെയെങ്കിലും ഇറാനില്‍ ചാട്ടവാറടി ശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വിശദമാക്കുന്നത്. 131 ആളുകള്‍ക്ക് 9957 അടികളാണ് ഇതിനോടകം ഇറാൻ സർക്കാർ നല്‍കിയതെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍.