Main Banner

വിശ്വാസികള്‍ സന്ദര്‍ശിച്ചിരിക്കേണ്ട ഇടങ്ങളിലൊന്ന്, സൗദി അറേബ്യയില്‍ വിശുദ്ധ ഖുര്‍ആൻ മ്യൂസിയം ആരംഭിച്ചു


മക്ക: സൗദി അറേബ്യ സന്ദർശിക്കാനെത്തുന്ന വിശ്വാസികള്‍ തീർച്ചയായും പോയിരിക്കേണ്ട ഇടങ്ങളുടെ പട്ടികയിലേക്ക് ഒരു ഇടം കൂടിയെത്തി.ഇസ്ലാമിക ചരിത്രത്തിന്റെയും വിശുദ്ധ ഖുർആന്റെ പൈതൃകത്തിന്റെയും സ്മരണകള്‍ ഉണർത്തുന്നതിനായി മക്കയില്‍ ഖുർആൻ മ്യൂസിയം ആരംഭിച്ചു. മക്ക പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷാല്‍ ബിൻ അബ്ദുല്‍ അസീസ് ആണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. മക്ക റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ജബലുന്നൂറിലെ ഹിറ കള്‍ചറല്‍ ഡിസ്ട്രിക്ടിലാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.

ഖുർആന്റെ അപൂർവ്വ കൈയെഴുത്ത് പ്രതികള്‍, ചരിത്ര പകർപ്പുകള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇന്ററാക്ടീവ് ഡിസ്പ്ലേ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഖുർ ആൻ ചരിത്രവും അതിന്റെ സംരക്ഷണവും സന്ദർശകർക്ക് തൊട്ടറിയാൻ സാധിക്കും. മൂന്നാം ഖലീഫയായ ഉസ്മാൻ ബിൻ അഫാന്റെ ഖുർആൻ കെയെഴുത്ത് പ്രതിയുടെ പകർപ്പും ഖുർആൻ വാക്യങ്ങളുടെ ശിലാ ലിഖിതങ്ങളും ഈ മ്യൂസിയത്തിന്റെ ശേഖരങ്ങളില്‍ ഉള്‍പ്പെടുന്നു. റമാദാനിലുടനീളം വിശുദ്ധ ഖുർ ആൻ മ്യൂസിയം തുറന്ന് പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്.

1 st paragraph

മക്കയുടെ ചരിത്രവും ആത്മീയതയും അനുഭവിച്ചറിയാൻ കഴിയുന്ന പ്രത്യേകയിടമാണ് 67,000 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഹിറ കള്‍ച്ചറല്‍ ഡിസിട്രിക്‌ട്. പ്രവാചകൻ മുഹമ്മദ് നബിക്ക് ആദ്യ ദിവ്യവെളിപാട് ഇറങ്ങിയ ഹിറാ ഗുഹ കേന്ദ്രീകരിച്ച്‌ മതപരമായ അനുഭവം സ്ന്ദർശകർക്ക് ലഭിക്കാനുള്ള അവസരവും ഹിറ കള്‍ച്ചറല്‍ ഡിസിട്രിക്‌ട് പദ്ധതിയില്‍ ഒരുക്കിയിട്ടുണ്ട്. സൗദി കോഫി മ്യൂസിയം, കള്‍ച്ചറല്‍ ലൈബ്രറി, ഹിറ പാർക്ക് എന്നിവയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.