ഇത് താൻടാ മുംബൈ, വാങ്കഡെയില്‍ തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത; വിജയലക്ഷ്യം 117 റണ്‍സ്


മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 117 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 16.2 ഓവറില്‍ 116 റണ്‍സിന് എല്ലാവരും പുറത്തായി.ഒരു ഘട്ടത്തില്‍ പോലും കൊല്‍ക്കത്തയ്ക്ക് മുംബൈയെ ഭയപ്പെടുത്താനായില്ല. പോയവരും വന്നവരുമെല്ലാം ഒരുപോലെ ആയുധം വെച്ച്‌ കീഴടങ്ങിയപ്പോള്‍ കൊല്‍ക്കത്തയുടെ ഇന്നിംഗ്സ് 22 പന്തുകള്‍ ബാക്കി നില്‍ക്കെ അവസാനിക്കുകയായിരുന്നു.

ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും (1) സുനില്‍ നരെയ്നും (0) ആദ്യ രണ്ട് ഓവറിനുള്ളില്‍ തന്നെ മടങ്ങിയതാണ് കൊല്‍ക്കത്തയുടെ കൂട്ടത്തകര്‍ച്ചയിലേയ്ക്ക് നയിച്ചത്. മൂന്നാമനായെത്തിയ അജിങ്ക്യ രഹാനെ 11 റണ്‍സുമായി മടങ്ങി. അംഗ്ക്രിഷ് സൂര്യവൻഷി 26 റണ്‍സും ഇംപാക്‌ട് പ്ലെയറായി ഇറങ്ങിയ മനീഷ് പാണ്ഡെ 19 റണ്‍സും റിങ്കു സിംഗ് 17 റണ്‍സും നേടി. വെങ്കടേഷ് അയ്യര്‍ (3), ആന്ദ്രെ റസല്‍ (5) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. 12 പന്തില്‍ 22 റണ്‍സ് നേടിയ രമണ്‍ദീപ് സിംഗിന്റെ അവസാന നിമിഷത്തെ പ്രകടനമാണ് കൊല്‍ക്കത്തയെ മൂന്നക്കം കടത്തിയത്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ 4 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വനി കുമാറാണ് മുംബൈയുടെ താരം. അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍ എന്നിവരുടെ വിക്കറ്റുകളാണ് അശ്വനി കുമാര്‍ സ്വന്തമാക്കിയത്. 2 ഓവറില്‍ 19 റണ്‍സ് വഴങ്ങിയ ദീപക് ചഹര്‍ 2 വിക്കറ്റുകള്‍ നേടി. ട്രെൻഡ് ബോള്‍ട്ട്, ഹര്‍ദ്ദിക് പാണ്ഡ്യ, വിഘ്നേഷ് പുത്തൂര്‍, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.