ഇത് മുംബൈയുടെ ‘പവര്‍ പ്ലേ’; വിക്കറ്റുകള്‍ നിലംപൊത്തി, വിയര്‍ത്ത് കൊല്‍ക്കത്ത
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച തുടക്കമിട്ട് മുംബൈ ഇന്ത്യൻസ്. പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ കൊല്‍ക്കത്തയുടെ അപകടകാരികളായ ഓപ്പണര്‍മാരെ ഉള്‍പ്പെടെ 4 പേരെ മുംബൈ മടക്കിയയച്ചു.ട്രെൻഡ് ബോള്‍ട്ടും ദീപക് ചഹറും അശ്വനി കുമാറുമാണ് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയത്.
ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ സുനില്‍ നരെയ്നെ (0) ക്ലീൻ ബൗള്‍ഡാക്കി ബോള്‍ട്ട് വാങ്കഡെയെ ചൂടുപിടിപ്പിച്ചു. ഒരു റണ്‍ മാത്രം വഴങ്ങിയ ബോള്‍ട്ട് തുടക്കം ഗംഭീരമാക്കി. രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ഫോമിലുള്ള ക്വിന്റണ്‍ ഡി കോക്കിനെ ദീപക് ചഹര്‍ പുറത്താക്കി. മിഡ് ഓഫിന് മുകളിലൂടെ ബൗണ്ടറി നേടാനുള്ള ഡി കോക്കിന്റെ ശ്രമം അരങ്ങേറ്റക്കാരനായ അശ്വനി കുമാറിന്റെ കൈകളില്‍ അവസാനിച്ചു. തുടര്‍ന്ന് അംഗ്ക്രിഷ് രഘുവൻഷി രണ്ട് തവണയും രഹാനെ ഒരു തവണയും ചഹറിനെതിരെ ബൗണ്ടറി നേടി. രണ്ടാം ഓവറില്‍ ഒരു വൈഡ് ഉള്‍പ്പെടെ പിറന്നത് 14 റണ്‍സ്.
മൂന്നാം ഓവറില്‍ ബോള്‍ട്ടിനെ സിക്സറിന് പായിച്ച് രഹാനെ അപകടകാരിയാകുമെന്ന് തോന്നിച്ചെങ്കിലും തൊട്ടടുത്ത ഓവറില്‍ ആദ്യ പന്തില്‍ തന്നെ രഹാനെയെ മടക്കിയയച്ച് അശ്വനി കുമാര്‍ അരങ്ങേറ്റം ഗംഭീരമാക്കി. ഡീപ് പോയിന്റില്‍ തിലക് വര്‍മ്മയുടെ ഉഗ്രൻ ക്യാച്ച്. ഒരു സിക്സര്‍ വഴങ്ങിയെങ്കിലും 4-ാം ഓവറില്‍ ആകെ 8 റണ്‍സ് മാത്രമാണ് പിറന്നത്. അഞ്ചാം ഓവറില്‍ മടങ്ങിയെത്തിയ ബോള്‍ട്ട് വെറും 3 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മുംബൈയ്ക്ക് മേല്‍ക്കൈ നല്‍കി. പവര്‍ പ്ലേ അവസാനിക്കാൻ വെറും 2 പന്തുകള്‍ മാത്രം ശേഷിക്കെ വെങ്കടേഷ് അയ്യരെയും മടക്കിയയച്ച് ദീപക് ചഹര്‍ കളി മുംബൈയുടെ കൈപ്പിടിയിലാക്കി. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്ത 4ന് 41 എന്ന നിലയില്‍.
പ്ലേയിംഗ് ഇലവൻ
മുംബൈ ഇന്ത്യൻസ്: റയാൻ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമാൻ ധിർ, മിച്ചല്‍ സാന്റനര്‍, ദീപക് ചഹർ, ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍, വിഘ്നേഷ് പുത്തൂര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ൻ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), വെങ്കടേഷ് അയ്യർ, അംഗ്കൃഷ് രഘുവംശി, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, ഹർഷിത് റാണ, സ്പെൻസർ ജോണ്‍സണ്‍, വരുണ്‍ ചക്രവർത്തി.