ഷഹ്ലയുടെ സ്‌കൂളില്‍ ഇന്ന് ലിഫ്റ്റ് ഉണ്ട്; വിഷപാമ്ബുകളെത്താത്ത വൃത്തിയുള്ള പരിസരങ്ങളില്‍ കുട്ടികളുടെ കളിചിരികളും
സുല്‍ത്താൻബത്തേരി: അക്ഷരങ്ങളുടെ മധുരം നുകരാനെത്തി മരണത്തിന്റെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ട ഒരു കുഞ്ഞുമോളുണ്ട്.പേര് ഷഹ്ല ഷെറിൻ. 2019 നവംബർ 20ന് ആയിരുന്നു പാമ്ബ് കടിയേറ്റ് ബത്തേരി സർവജന ഗവ. വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹ്ലയുടെ മരണം. ആ വലിയ ദുരന്തമുണ്ടാക്കിയ വേദനകളില്‍ നിന്നെല്ലാം പതുക്കെയാണെങ്കിലും അവളുടെ സഹപാഠികള്‍ മോചിതരായിട്ടുണ്ട്. ഒപ്പം അവള്‍ പഠിച്ച സ്‌കൂളും വല്ലാതെ മാറി.
ഇന്ന് ജില്ലയില്‍ തന്നെ ലിഫ്റ്റുള്ള സ്‌കൂളാണ് ഷഹ്ല ഷെറിന്റേത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് കോടികള്‍ ചിലവിട്ട് നിർമ്മിച്ച മൂന്നുനില കെട്ടിടത്തില്‍ ബത്തേരി നഗരസഭ ഫണ്ടില്‍ നിർമ്മിച്ച ലിഫ്റ്റ് പ്രവർത്തനക്ഷമമായത്. ഇതോടെ ലിഫ്റ്റുള്ള ജില്ലയിലെ ആദ്യ പൊതുവിദ്യാലയമായി സർവ്വജന സ്‌കൂള്‍ മാറി.
സ്വകാര്യ സ്‌കൂളുകളെ പോലും പിന്നിലാക്കുന്ന തരത്തിലാണ് അടിസ്ഥാനസൗകര്യ വികസനങ്ങള്‍ ഒരു വിദ്യാർഥിനിയുടെ ദാരുണ മരണത്തിന് ശേഷമെങ്കിലും ഉണ്ടിയിരിക്കുന്നത്. നഗരസഭ 20 ലക്ഷം രൂപ വകയിരുത്തിയാണ് ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. പതിനായിരം ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായി 12 ക്ലാസ് മുറികളും 20 ശുചിമുറികളും ഉള്‍പ്പെടുന്നതാണ് രണ്ട് കോടിയിലധികം രൂപ ചിലവഴിച്ച നിർമ്മിച്ച കെട്ടിടം. വിദ്യാർഥിനിയുടെ മരണത്തിന് ശേഷം സ്‌കൂള്‍ സന്ദർശിച്ച അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ പൂർത്തികരിച്ചിരിക്കുന്നത്.
അന്നത്തെ സംഭവത്തിന് ശേഷം അതീവ ശ്രദ്ധയോടെയാണ് സ്‌കൂളും പരിസരവും പരിപാലിക്കപ്പെടുന്നത്. കാട് മൂടിയ അവസ്ഥയുണ്ടാകാൻ അധികൃതർ അനുവദിക്കാറില്ല. അന്ന് മുതല്‍ ഇന്ന് വരെ സ്‌കൂളും പരിസരവും തൊഴിലുറപ്പ് തൊഴിലാളികളെ അടക്കം ഉപയോഗിച്ച് വൃത്തിയാക്കിയിടാറുണ്ട്.