Fincat

രാവിലെയോ രാത്രിയോ ഇനി ഇത് മതി, ദോശയും ചപ്പാത്തിയും മാറി നില്‍ക്കുന്ന രുചിയാണ്

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ധാന്യമാണ് റാഗി. കാല്‍സ്യം, ഇരുമ്പ്, നാരുകള്‍, അമിനോ ആസിഡുകള്‍ തുടങ്ങിയവ ഇതിലുണ്ട്. ഇവ പ്രമേഹം, കൊളസ്‌ട്രോള്‍, വിളര്‍ച്ച, എല്ലുകളുടെ ബലക്ഷയം തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള പരിഹാരമാണ്. റാഗിയിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മ സംരക്ഷണത്തിനും ഗുണകരമാണ്. ഇത്രയും ഗുണങ്ങളുള്ള റാഗി ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിക്കാവുന്നതേയുള്ളൂ.

ഇഡ്ഡലി, ദോശ, പുട്ട്, എന്നിവയുടെ സ്ഥിരം റെസിപ്പി മാറ്റി റാഗിപ്പൊടി ചേര്‍ത്തു തയ്യാറാക്കി നോക്കൂ. ഇതു മാത്രമല്ല കൊതിപ്പിക്കുന്ന രുചിയില്‍ പാല്‍കൊഴുക്കട്ടയും റാഗി ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റെഡിയാക്കാം.

ചേരുവകള്‍

റാഗിപ്പൊടി- 1 കപ്പ്
തേങ്ങ ചിരകിയത്- 3 ടേബിള്‍സ്പൂണ്‍
നെയ്യ്- 1 ടേബിള്‍സ്പൂണ്‍
ഉപ്പ്- 1 നുള്ള്
ചൂടുവെള്ളം- ആവശ്യത്തിന്
വെള്ളം-
തേങ്ങാപ്പാല്‍- 1/4 കപ്പ്
ശര്‍ക്കരപൊടി- 3/4 കപ്പ്
ഏലയ്ക്കപ്പൊടി- ആവശ്യത്തിന്
ചുക്ക് പൊടി- 1 നുള്ള്

തയ്യാറാക്കുന്ന വിധം

ബൗളിലേയ്ക്ക് ഒരു കപ്പ് റാഗിപ്പൊടിയെടുക്കാം.?
അതിലേയ്ക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയതും, ഒരു ടേബിള്‍സ്പൂണ്‍ നെയ്യും, ഒരു നുള്ള് ഉപ്പും ചേര്‍ത്ത് യോജിപ്പിക്കാം.
ഇതിലേയ്ക്ക് ആവശ്യത്തിന് ചെറുചൂടുള്ള വെള്ളം ഒഴിച്ച് ഇളക്കി മാവ് കുഴച്ചെടുക്കാം.
ഈ മാവ് ചെറിയ ഉരുളകളാക്കി മാറ്റാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് വെള്ളം ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ഉരുളകള്‍ ചേര്‍ത്തു വേവിക്കാം.
അവ വെന്തു വരുമ്പോള്‍ കട്ടിയുള്ള തേങ്ങാപ്പാല്‍ കാല്‍ കപ്പ് ചേര്‍ത്തിളക്കാം.
വെള്ളം വറ്റി കുറുകി തുടങ്ങുമ്പോള്‍ മുക്കാല്‍ കപ്പ് ശര്‍ക്കരപ്പൊടി ചേര്‍ത്തിളക്കാം.
ശര്‍ക്കര അലിയുമ്പോള്‍ ആവശ്യത്തിന് ഏലയ്ക്കപ്പൊടിയും ഒരു നുള്ള് ചുക്ക് പൊടിയും ചേര്‍ത്തിളക്കി യോജിപ്പിക്കാം.
ശേഷം അടുപ്പണച്ച് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മാവ് കുഴയ്ക്കാന്‍ ചെറുചൂടുള്ള വെള്ളം ഉപയോഗിക്കാം.
ലഭ്യമെങ്കില്‍ നെയ്യ് ചേര്‍ക്കുന്നത് കൊഴുക്കട്ട കൂടുതല്‍ സോഫ്റ്റാകാന്‍ സഹായിക്കും.
തേങ്ങയുടെ ഒന്നാം പാലാണ് ഇതില്‍ ചേര്‍ക്കേണ്ടത്. അത് വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞെടുത്തതാകണം.
കൊഴുകട്ട വെള്ളത്തിലോ ആവിയിലോ വേവിച്ചും ഉപയോഗിക്കാം.