Fincat

ഉസ്താദിന്റെ ഇടപെടലിന് നാടെങ്ങും അംഗീകാരം ; രാജ്യത്തിന് നയതന്ത്ര പരിമിതി നേരിട്ടപ്പോള്‍, മാനവികതയുടെ മുഖമായെത്തി ശൈഖ് അബൂബക്കര്‍ ബിന്‍ അഹമ്മദ്

യമനുമായി ബന്ധപ്പെടാന്‍ നയതന്ത്ര പരിമിതിയുണ്ടെന്ന് രാജ്യം കോടതിയില്‍ അറിയിച്ച ശേഷം , മലയാളികള്‍ ഒന്നടങ്കം ഒരു മനുഷ്യനിലേക്ക് ഉറ്റുനോക്കിയ നിമിഷം. അറബികള്‍ ശൈഖ് അബൂബക്കര്‍ ബിന്‍ അഹമ്മദ് എന്ന് വിളിക്കുന്ന ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരാണ് മാനവികതയുടെ സന്ദേശം ഉയര്‍ത്തി തന്റെ ഇടപെടലിലൂടെ നിമിഷ പ്രിയയുടെ വധ ശിക്ഷ നീട്ടിവെച്ചിരിക്കുന്നത്.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ ഇടപെടലിന് നാനാ ഭാഗത്ത് നിന്നും പ്രശംസാ പ്രവാഹം ഒഴുകുകയാണ്. മുഖ്യമന്ത്രി, മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍, മതനേതാക്കള്‍, സമൂഹത്തിന്റെ വിവിധ രംഗത്തുള്ളവര്‍ നേരിട്ടും ഫോണിലൂടെയും പ്രശംസയുമായെത്തി. നിമിഷ പ്രിയക്കു വമേണ്ടിയുള്ള തുടര്‍ ദൗത്യങ്ങളും ചര്‍ച്ചകളും കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദിയാ ധനം ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. ഈ ശ്രമം പൂര്‍ത്തിയായാല്‍ മാത്രമാണ് നിമിഷ പ്രിയയെ പൂര്‍ണമായും മോചിപ്പിച്ച് നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ.
കാന്തപുരത്തിന്റെയും സുഹൃത്തുക്കളായ യമനിലെ സൂഫീ വര്യരായ പണ്ഡിതരുടെയും ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഭരണകൂടത്തിനോ മറ്റു നേതാക്കള്‍ക്കോ നടക്കാതിരുന്ന പുരോഗതിയാണ് കാന്തപുരത്തിന്റെ നയതന്ത്രത്തില്‍ വിജയിച്ചിരിക്കുന്നത്. സൂഫീ ഇസ്ലാം ധാരയില്‍പെടുന്ന തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കാന്‍ കൂടുതല്‍ സാധ്യമാകുക യമനിലെ സൂഫീ പണ്ഡിതര്‍ മുഖേനയുള്ള ഇടപെടലാണ്.
കാന്തപുരത്തിന്റെ നിര്‍ദേശപ്രാകാരം യമനില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് ലോക പ്രശസ്ത പണ്ഡിതരാണ്. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായുള്ള കാന്തപുരത്തിന്റെ പ്രവര്‍ത്തന കാലയളവില്‍ വിവിധ രാഷ്ട്ര തലവന്‍മാര്‍, വിദേശ മന്ത്രിമാര്‍, പണ്ഡിതര്‍ തുടങ്ങി നീളുന്നതാണ് കാന്തപുരത്തിന്റെ ബന്ധവും സൗഹൃദവും.

ആഗോള രാഷ്ട്രീയ സാമൂഹ്യ മത നേതാക്കളുമായി അദ്ദേഹത്തിനുള്ള ബന്ധം നമ്മള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ്. യമനിലെ മുന്‍ പ്രസിഡന്റ് അബ്ദുല്ലാ സ്വാലിഹ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി, മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്, വഖഫ് മന്ത്രി ശൈഖ് ഉസാമ അല്‍ അസ്ഹരി, ജോര്‍ദാന്‍ രാജാവ് കിംഗ് അബ്ദുല്ലാ രണ്ടാമന്‍, മൊറൊക്കോ രാജാവ് മുഹമ്മദ് ആറാമന്‍, ചെച്‌നിയന്‍ പ്രസിഡന്റ് റമളാന്‍ ഖദിറോവ്, മലേഷ്യന്‍ പ്രധാനമന്ത്രി ദത്തോ അന്‍വര്‍ ഇബ്രാഹീം, മുന്‍ പ്രധാന മന്ത്രി മാരായ മഹാതീര്‍ മുഹമ്മദ്, നജീബ് അബ്ദു റസാഖ്, ശൈഖ് സായിദ് – ഖലീഫ ബിന്‍ സായിദ് – ശൈഖ് മുഹമ്മദ് റാഷിദ് – ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉള്‍പ്പെടെയുള്ള യുഎയിലെ വിവിധ ഭരണാധികാരികള്‍, മാലിദ്വീപ് മുന്‍ പ്രസിഡന്റ് മഅമൂന്‍ അബ്ദുല്‍ ഖയ്യൂമ്, ഉസ്‌ബെക്കിസ്ഥാന്‍ മതകാര്യ മന്ത്രി നൂറുദ്ധീന്‍ ഖാലിഖ് നസറോവ്, മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ തുടങ്ങിയ അറബ് മദ്ധ്യേഷന്‍ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ആഴത്തിലുള്ള വ്യക്തി സൗഹൃദമുള്ള അക്ഷരാര്‍ത്ഥത്തില്‍ മഹാ വിശ്വപൗരനാണ് കാന്തപുരം.
അതോടൊപ്പം ആഗോള മതനേതൃത്വവുമായി അദ്ദേഹത്തിന് അതിലേറെ ആഴത്തിലുള്ള ബന്ധവും സൗഹൃദവും ഉണ്ട്. അനുയായികള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ള ‘സുല്‍ത്താനുല്‍ ഉലമ’ എന്ന പ്രയോഗം കേവല ആലങ്കരികതക്കപ്പുറം അക്ഷരാര്‍ത്ഥത്തില്‍ തന്നെ അദ്ദേഹത്തിന് അനുയോജ്യമായതാണ്. ലോകത്തിന്റെ ഏത് കോണിലും ജീവിക്കുന്ന സൂഫികളും പണ്ഡിതരും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെടുന്നതായി കാണാം. ആഗോള അഹ്ലുസുന്ന നിരയില്‍ നിന്നും ആ ചങ്ങലയില്‍ കോര്‍ക്കപ്പെടാതെ ഒരാളും തന്നെ കടന്ന് പോകുന്നില്ല. പ്രസ്തുത കോര്‍വക്ക് ആത്മീയമായ ഒരുപാട് മാനങ്ങള്‍ കൂടിയുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ലോകത്തിന്റെ വിവിധ ദിക്കുകളിലുള്ള കാലഘട്ടത്തിലെ മുഴുവന്‍ സൂഫി ഗുരുക്കളും പണ്ഡിതരും ഇത്രയും പരിഗണിച്ച മറ്റൊരു ഇന്ത്യന്‍ പണ്ഡിതന്‍ സമീപ കാലത്ത് ഉണ്ടായിട്ടില്ലെന്നു കാണാം.
നിമിഷപ്രിയയുടെ വധശിക്ഷാ കേസില്‍ ഒരു രാഷ്ട്രത്തിന്റെ ഭരണകൂടം പോലും നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞ നേരത്ത് കാന്തപുരം അന്തസ്സോടെ ഒറ്റയാനായി കളത്തിലിറങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കണ്ടത്. രാജ്യത്തിന് തന്നെ അഭിമാനമാകും വിധം നേടിയ ഈ പ്രൗഢോജ്വല വിജയം കേവലം എഴുപത്തി രണ്ട് മണിക്കൂര്‍ നേരത്തെ ഇടപെടല്‍ കൊണ്ട് നേടിയ നേട്ടം മാത്രമല്ല, കര്‍മ്മ ഗോദയില്‍ പൊരുതി ജയിച്ച ഒരു മനുഷ്യന്റെ ഒരു ആയുസ്സിന്റെ തന്നെ കര്‍മ്മഫലം കൂടിയാണ്.