Fincat

ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം, ഇംഗ്ലണ്ടില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ടീം ഇന്ത്യ

 

 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യൻ ടീം. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ഇന്ത്യൻ ബാറ്റര്‍മാര്‍ 500 റണ്‍സ് സ്വന്തമാക്കിയെന്ന അപൂര്‍വ നേട്ടമാണ് ഇന്ത്യ ഓവലില്‍ ഇന്നലെ സ്വന്തമാക്കിയത്. ഇന്നലെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ രവീന്ദ്ര ജഡേജ അര്‍ധസെഞ്ചുറി നേടിയതോടെയാണ് പരമ്പരയില്‍ മൂന്ന് താരങ്ങള്‍ 500 റണ്‍സ് പിന്നിട്ടത്. ജഡേജക്ക് പുറമെ കെ എല്‍ രാഹുലും നായകന്‍ ശുഭ്മാന്‍ ഗില്ലുമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ് പിന്നിട്ട താരങ്ങള്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റില്‍ നിന്ന് നാലു സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍ 754 റണ്‍സടിച്ചപ്പോള്‍ കെ എല്‍ രാഹുല്‍ രണ്ട് സെഞ്ചുറി അടക്കം 532 റണ്‍സടിച്ചു. രവീന്ദ്ര ജഡേജയാകട്ടെ അഞ്ച് ടെസ്റ്റില്‍ നിന്ന് 516 റണ്‍സും നേടി. നാലു ടെസ്റ്റില്‍ മാത്രം കളിച്ച് 479 റൺസടിച്ച റിഷഭ് പന്ത് പരിക്കേറ്റ് അവസാന ടെസ്റ്റില്‍ നിന്ന് പുറത്തായില്ലായിരുന്നെങ്കില്‍ നാല് ഇന്ത്യൻ താരങ്ങള്‍ക്ക് 500 റണ്‍സ് പിന്നിടാന്‍ അവസരമുണ്ടായിരുന്നു. പരമ്പരയിലെ റണ്‍വേട്ടയില്‍ ആദ്യ നാലു സ്ഥാനത്തും ഇന്ത്യൻ താരങ്ങളാണ്. അഞ്ച് മത്സരങ്ങലില്‍ 442 റണ്‍സടിച്ച ബെന്‍ ഡക്കറ്റാണ് നിലവില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.

ആദ്യ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ചുറി അടിച്ച് അഞ്ച് കളികളില്‍ 411 റണ്‍സടിച്ച യശസ്വി ജയ്സസ്വാള്‍ മറ്റ് ടെസ്റ്റുകളില്‍ നിറം മങ്ങിയില്ലായിരുന്നെങ്കില്‍ 500 കടക്കാന്‍ അവസരമുണ്ടായിരുന്നു. നേരത്തെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്നതിന്‍റെ സ്വന്തം റെക്കോര്‍ഡും ഇന്ത്യ തിരുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയില്‍ 3809 റണ്‍സടിച്ചാണ് ഇന്ത്യ സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്. 1978-79ല്‍ ഇംഗ്ലണ്ടിനെതിരായ ആറ് മത്സര പരമ്പരയില്‍ 3270 റണ്‍സടിച്ചതായിരുന്നു ഇന്ത്യയുടെ എക്കാലത്തയും വലിയ റണ്‍വേട്ട. ലോക ക്രിക്കറ്റില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്‍റെ റെക്കോര്‍ഡ് 1989ലെ ആഷസില്‍ ഇംഗ്ലണ്ടിനെതിരെ 3877 റണ്‍സടിച്ച ഓസ്ട്രേലിയയുടെ പേരിലാണ്.