Fincat

പോലീസ് കണ്ടെത്തിയ മൃതദേഹം കാണാതായ ആളുടേതെന്ന് കരുതി സംസ്കരിച്ചു;പിറ്റേദിവസം ‘മരിച്ചയാള്‍’ വീട്ടിലെത്തി


ഗുരുഗ്രാം: തലയറുത്തനിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ആളുടേതാണെന്ന് തെറ്റിദ്ധരിച്ച്‌ സംസ്കരിച്ചു. തൊട്ടടുത്ത ദിവസം കാണാതായ വ്യക്തി വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് മൃതദേഹം മാറി സംസ്കരിച്ചത് തിരിച്ചറിഞ്ഞത്.മുഹമ്മദ്പുരിലെ ഝർസ ഗ്രാമത്തിലാണ് സംഭവം നടന്നത്.

പൂജൻ പ്രസാദ് എന്ന വ്യക്തി ഒരു ആഴ്ചയോളം വീട്ടില്‍ വരാതിരുന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സന്ദീപ് കുമാർ സെപ്റ്റംബർ 1-ന് പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കി. ഓഗസ്റ്റ് 28-ന് സെക്ടർ 37 പോലീസ് സ്റ്റേഷൻ പരിധിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ഗോഡൗണിന് സമീപം തലയറുത്ത നിലയില്‍ ഒരു മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. സന്ദീപും മറ്റ് കുടുംബാംഗങ്ങളും മോർച്ചറിയില്‍ എത്തി മൃതദേഹത്തിന്റെ വലത് കാലിലെ ഒരു മുറിവും പിതാവിന്റേതിന് സമാനമായ ഷർട്ടും പാന്റ്സും കണ്ട് പൂജന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ചൊവ്വാഴ്ച പതൗഡി റോഡിലെ രാം ബാഗ് ശ്മശാനത്തില്‍ അന്ത്യ കർമ്മങ്ങള്‍ നടത്തി മൃതദേഹം സംസ്കരിച്ചു.

ബുധനാഴ്ച, പൂജന്റെ മക്കള്‍ ചിതാഭസ്മം യമുനയില്‍ ഒഴുക്കാൻ പോകുമ്ബോഴാണ് പൂജനെ ഖണ്ഡ്സ ചൗക്കില്‍ കണ്ടുവെന്ന് പറഞ്ഞ് അമ്മാവൻ വിളിക്കുന്നത്. സന്ദീപും മൂത്ത സഹോദരൻ അമനും വീട്ടിലെത്തിയപ്പോള്‍ പിതാവും വീട്ടിലെത്തിയിരുന്നു.

സംസ്കരിച്ച വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും നടപടിക്രമങ്ങള്‍ അനുസരിച്ച്‌, മൃതദേഹത്തിന്റെ ഡിഎൻഎ സാമ്ബിളുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും സെക്ടർ 37 പോലീസ് സ്റ്റേഷൻ എസ്.എച്ച്‌.ഓ. ഷാഹിദ് അഹ്മദ് പറഞ്ഞു. തലയറുത്തനിലയില്‍ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സെക്ടർ 37 പോലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.