Fincat

ബ്രസീലിനെ അട്ടിമറിച്ച്, ബൊളീവിയ; മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്കും തോല്‍വി

ക്വിറ്റോ: ലോകകപ്പ് യോഗ്യത ദക്ഷിണ അമേരിക്കല്‍ മേഖലയില്‍ അര്‍ജിന്റീനയ്ക്കും ബ്രസീലിനും തോല്‍വി. അവസാന മത്സരത്തില്‍ ഇക്വഡോറിനോടാണ് മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന പരാജയപ്പെട്ടത്. ബ്രസീലിനെ, ബൊളീവിയ അട്ടിമറിക്കുകയായിരുന്നു. 1-0ത്തിനായിരുന്നു ഇരു ടീമുകളുടേയും തോല്‍വി. ഇരുവരും നേരത്തെ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളായിരുന്നു. മറ്റൊരു മത്സരത്തില്‍ കൊളംബിയ മൂന്നിനെതിരെ ആറ് ഗോളിന് വെനസ്വേലയെ തോല്‍പ്പിച്ചു. പരാഗ്വെ 1-0ത്തിന് പെറുവിനെ മറികടന്നു. ചിലി – ഉറുഗ്വെ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

അര്‍ജന്റീനയ്‌ക്കെതിരെ ആതിഥേയറായ ഇക്വഡോറിനായിരുന്നു മത്സരത്തിലുടനീളം ആധിപത്യം. 31-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ പ്രതിരോധ താരം നിക്കോളോസ് ഓട്ടമെന്‍ഡ് ചുവപ്പ് കാര്‍ഡുമായി പുറത്തായത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. ആദ്യ പകുതിയില്‍ എന്നര്‍ വലെന്‍സിയ നേടിയ പെനാല്‍റ്റി ഗോളാണ് ഇക്വഡോറിന് വിജയം സമ്മാനിച്ചത്. 50-ാം മിനിറ്റില്‍ അവരുടെ മൊയ്‌സെസ് കസെയ്‌ഡോ ചുവപ്പ് കാര്‍ഡുമായി മടങ്ങിയതോടെ ഇരു ടീമുലും പത്ത് പേര്‍ വീതമായി. എങ്കിലും അര്‍ജന്റീനയ്ക്ക് ഗോള്‍ തിരിച്ചടിക്കാന്‍ സാധിച്ചില്ല. പന്തടക്കത്തില്‍ അര്‍ജന്റീനയായിരുന്നു മുന്നിലെങ്കിലും ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത്് ഇക്വഡോറായിരുന്നു. തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാമതായിട്ടാണ് അര്‍ന്റീന യോഗ്യത മത്സരങ്ങള്‍ അവസാനിപ്പിച്ചത്. ഇക്വഡോര്‍ രണ്ടാം സ്ഥാനത്തും.

ബൊളീവിയക്കെതിരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ബ്രസീലിന്റേത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മിഗ്വെല്‍ ടെര്‍സെറോസ് നേടിയ പെനാല്‍റ്റി ഗോളാണ് ബൊളീവിയക്ക് ജയമൊരുക്കിയത്. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് ബൊളീവിയയും. 23 തവണ, ഇതില്‍ 10 തവണയും പന്ത് ലക്ഷ്യത്തിലേക്കായിരുന്നു. അതിലൊന്ന് ഗോള്‍വര കടന്നു. തോല്‍വിയോടെ ബ്രസീല്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. ബൊളീവിയ ഏഴാമതാണ്. ബൊളീവിയക്ക് പ്ലേ ഓഫ് കളിക്കാനുള്ള അവസരമുണ്ട്.
വെനെസ്വേലയ്‌ക്കെതിരെ, കൊളംബിയക്ക്് വേണ്ടി ലൂയിസ് സുവാരസ് നാല് ഗോള്‍ നേടി യാറി മിന, ജോണ്‍ കോര്‍ഡോബ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. ടെലാസ്‌കോ സെഗോവിയ, ജോസഫ് മാര്‍ട്ടിനെസ്, സലോമന്‍ റോന്റോണ്‍ എന്നിവരാണ് വെനെസ്വേലയ്ക്ക് വേണ്ടി ഗോളുകള്‍ മടക്കിയത്. തോല്‍വിയോടെ വെനെസ്വേല ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായി. കൊളംബിയ മൂന്നാം സ്ഥാനത്താണ്. ഉറുഗ്വെ നാലാം സ്ഥാനത്തായി. പര്വാഗെയാണ് ബ്രസീലിന് പിന്നില്‍ ആറാം സ്ഥാനത്ത്. ആദ്യ ആറ് സ്ഥാനക്കാര്‍ക്കാണ് നേരിട്ട യോഗ്യത. ബൊളീവിയ, പ്ലേ ഓഫ് കളിക്കും. വെനെസ്വേലയ്ക്ക് പുറമെ പെറു, ചിലി എന്നിവരും പുറത്തായി.