ഏഷ്യാ കപ്പില്‍ കിരീടം നേടിയാല്‍ ജേതാക്കള്‍ക്ക് കിട്ടുക കോടികള്‍, സമ്മാനത്തുകയില്‍ 100 ശതമാനം വര്‍ധന
ദുബായ്: ഏഷ്യാ കപ്പിലെ കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ദുബായില്‍ പോരിനിറങ്ങും. ഏഷ്യാ കപ്പിന്‍റെ 41 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2023ലെ ഏഷ്യാ കപ്പിനെ അപേക്ഷിച്ച് ഇത്തവണ സമ്മാനത്തുകയില്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) 100 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഏഷ്യാ കപ്പില്‍ കിരീടം നേടുന്നവര്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക മൂന്ന് ലക്ഷം അമേരിക്കന്‍ ഡോളര്‍(ഏകദേശം 2.6 കോടി രൂപ) ആയിരിക്കും.
രണ്ടാം സ്ഥാനക്കാര്‍ക്ക് ഒന്നരലക്ഷം അമേരിക്കന്‍ ഡോളര്‍(ഏകദേശം 1.3 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാരന് 12.50 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും. 2023ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീമിന് സമ്മാനത്തുകയായി ലഭിച്ചത് 1.6 കോടി രൂപയായിരുന്നു. എന്നാല്‍ 2022ല്‍ ടി20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ കിരീടം നേടിയ ശ്രീലങ്കക്ക് 1.6 കോടിയും റണ്ണേഴ്സ് അപ്പായ പാകിസ്ഥാന് 79.66 ലക്ഷവുമായിരുന്നു സമ്മാനത്തുകയായി ലഭിച്ചത്.
ഇന്ത്യ ഉള്‍പ്പെടെ എട്ടു ടീമുകളാണ് ഇത്തവണ ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ മത്സരിച്ചത്. ഇന്ത്യക്ക പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഹോങ്കോംഗ്, യുഎഇ, ഒമാന്‍ എന്നീ ടീമുകളായിരുന്നു ഏഷ്യാ കപ്പില്‍ മത്സരിച്ചത്. നാലു ടീമുകളെ വീതം രണ്ട് ഗ്രൂപ്പായി തിരിച്ചായിരുന്നു ആദ്യ റൗണ്ട് മത്സരങ്ങള്‍. ഇതില്‍ മുന്നിലെത്തിയ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടി. സൂപ്പര്‍ ഫോറിലെത്തുന്ന നാലു ടീമുകൾ പരസ്പരം മത്സരിച്ച് മുന്നിലെത്തിയ ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തി. എട്ട് തവണ കിരീടം നേടിയ ഇന്ത്യയാണ് ഏഷ്യാ കപ്പ് നിലവിലെ ജേതാക്കള്‍.