വിഷന്‍ 2031: വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ഒക്ടോബര്‍ 16 ന് തിരൂരില്

2031-ല്‍ കേരള സംസ്ഥാനം 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല ‘വിഷന്‍ 2031’ സെമിനാര്‍ ഒക്ടോബര്‍ 16ന് തിരൂരില്‍ നടക്കും. തിരൂര്‍ ബിയാന്‍ കോ കാസിൽ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് സെമിനാര്‍ ആരംഭിക്കും.

സെമിനാറിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ സ്വാഗതം ആശംസിക്കും. വകുപ്പിന്റെ കഴിഞ്ഞ കഴിഞ്ഞ ദശകങ്ങളിലെ നേട്ടങ്ങളെ കുറിച്ച് വനിതാ ശിശു വികസനവകുപ്പ് സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് സംസാരിക്കും. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ ആമുഖ പ്രഭാഷണം നടത്തും.
സെമിനാറില്‍ പ്രധാനമായും നാല് വിഷയങ്ങളെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍ നടക്കും.

വനിതാ ശാക്തീകരണം – തൊഴില്‍ പ്രാതിനിധ്യം എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കെ.എസ്.ഡബ്ലിയു.ഡി.സി ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചര്‍ മോഡറേറ്ററാവും.
സ്ത്രീസൗഹൃദ കേരളം വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. സതീദേവി മോഡറേറ്ററാവും.
ശിശുവികസം – കേരളമാതൃക -2031 എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുന്‍ പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ മൃദുല്‍ ഈപ്പന്‍ മോഡറേറ്ററാവും.
ബാലസൗഹൃദ കേരളം വിഷയത്തില്‍ തിരുവനതപുരം റേഞ്ച് ആന്റ് ഡയറക്ടര്‍ ഡി.ഐ.ജിയും സോഷ്യല്‍ പോലീസിങ് ഓഫീസറുമായ അജിത ബീഗം മോഡറേറ്ററാവും.
വിഷന്‍ 2031 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഉതകുന്ന നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും സെമിനാറിലൂടെ കണ്ടെത്തുകയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ 33 വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന വിഷന്‍ 2031 സെമിനാറുകളുടെ ഭാഗമായാണ് വനിതാ ശിശു വികസന വകുപ്പിന്റെ സെമിനാര്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ കാല വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, 2031-ഓടെ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങളും മാറ്റങ്ങളും സംബന്ധിച്ച് സെമിനാറില്‍ ചര്‍ച്ച നടക്കും. സെമിനാറിലെ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി വീണാ ജോര്‍ജ് പാനല്‍ റിപ്പോര്‍ട്ട് അവതരണം നടത്തും.
