ട്രെയിനില്‍ ലഗേജ് വെച്ച് മറന്നോ? പെട്ടെന്ന് തിരികെ ലഭിക്കാന്‍ വഴിയുണ്ട്, അറിഞ്ഞിരിക്കാം
കോടിക്കണക്കിന് യാത്രക്കാരാണ് നമ്മുടെ ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. ഇതിനിടയില്‍ പല തരത്തിലുള്ള മോശം അനുഭവങ്ങളും നമ്മളില്‍ പലര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ പലർക്കുമുണ്ടായ ഒരു അനുഭവമായിരിക്കാം ട്രെയിനില്‍ ലഗേജുകളോ വിലപ്പെട്ട സാധനങ്ങളോ വെച്ച് മറക്കുന്നത്.
ഇങ്ങനെ നഷ്ടമായവ വസ്തുക്കള്‍ തിരികെ കിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. നഷ്ടമായ ലഗേജുകൾ വേഗം തിരികെ ലഭിക്കാന്‍ ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ആദ്യം തന്നെ ഇത്തരത്തില്‍ ലഗേജ് നഷ്ടമായാല്‍ പരിഭ്രാന്തരാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കുന്നതിന് തടസമായേക്കാം. ലഗേജ് നഷ്ടമായതായി കണ്ടെത്തിയാല്‍ ഉടൻ തന്നെ റെയില്‍ മദദ് (Rail Madad) വെബ്‌സൈറ്റ് തുറക്കുക. ശേഷം ഇതില്‍ എവിടെ വെച്ചാണ്, ഏത് ബോഗിയിലാണ് തുടങ്ങിയ നഷ്ടമായ ലഗേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെയ്ക്കുക. റെയിൽ മദദിൻ്റെ ആപ്പും ലഭ്യമാണ്. ഇതിലും നിങ്ങൾക്ക് പരാതി അറിയിക്കാം.
ഇതിന് പുറമേ, ഈ വിവരങ്ങള്‍ റെയില്‍വേ പൊലീസിനെയും അറിയിക്കുക. ഉടന്‍ തന്നെ ലഗേജ് ലഭിച്ചില്ലെങ്കില്‍ ആര്‍പിഎഫില്‍ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. അങ്ങനെ വരുമ്പോള്‍ ലഗേജ് കണ്ടെത്തിയാല്‍ ഉടന്‍ നിങ്ങള്‍ പരാതി നല്‍കിയ സ്റ്റേഷനിലേക്ക് അവ കയറ്റി അയയ്ക്കും. ഇനി റെയില്‍വേയുടെ ലോസ്റ്റ് ആന്‍ഡ് ഫൈന്‍ഡ് സെല്ലിലും നിങ്ങൾക്ക് അന്വേഷിക്കാം. ട്രെയിനിൽ വെച്ചോ സ്റ്റേഷനിൽ വെച്ചോ കാണാതായ വസ്തുക്കള്‍ ഇവിടെ നിന്ന് തിരികെ ലഭിക്കാറുണ്ട്. ഇവ തിരിച്ച് ലഭിക്കാന്‍ ഐഡികാര്‍ഡും ലഗേജ് നിങ്ങളുടേതാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകളും ഹാജരാക്കേണ്ടതാണ്.