Fincat

കൂടെ നില്‍ക്കുന്നവരെ ഓരോന്നായി കുരുതി കൊടുക്കുന്ന നീക്കം; ബിഗ്‌ബോസ് ഹൗസിലെ അക്ബറിന്റെ തന്ത്രവും, മാസ്റ്റര്‍ പ്ലാനും ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ 7-ലെ ഏറ്റവും ശ്രദ്ധേയമായ ഗെയിം പ്ലാനുകളിലൊന്ന് മത്സരാര്‍ത്ഥിയായ അക്ബര്‍ ഖാന്റേതാണ്. വീടിനുള്ളിലെ ‘കുറുക്കന്‍ ബുദ്ധി’യും, പുറത്ത് അദ്ദേഹത്തിന് വേണ്ടി ഭാര്യ ഡോ. ഷെറിന്‍ ഖാന്റെ നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ പി.ആര്‍ തന്ത്രങ്ങളും ചേരുമ്പോള്‍, അക്ബറിന്റെ മുന്നേറ്റം തികച്ചും ആസൂത്രിതമായി തോന്നുന്നതാണ്.
തന്റെ നിലനില്‍പ്പിനായി ഓരോ മത്സരാര്‍ത്ഥിയെയും കരുവാക്കി ഉപയോഗിക്കുകയും, പ്രശ്‌നങ്ങള്‍ക്കെല്ലാം തിരികൊളുത്തി ഒടുവില്‍ തന്ത്രപരമായി സേഫ് ആവുകയും ചെയ്യുന്ന ഈ ‘കുറുക്കന്‍ ബുദ്ധി’ അതി വിദഗ്ദമായാണ് ബിഗ് ബോസ് ഹൗസില്‍ അക്ബര്‍ നടപ്പിലാക്കി വരുന്നത്.
ഒറ്റയ്ക്ക് നിന്ന് കളിക്കുന്നതിനേക്കാള്‍ ഗ്രൂപ്പുകളുടെ ശക്തി തിരിച്ചറിഞ്ഞാണ് അക്ബര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ ഗ്രൂപ്പുകള്‍ തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി മാത്രമുള്ള ‘താല്‍ക്കാലിക കൂട്ടുകെട്ടുകള്‍’ ആണോ എന്ന സംശയത്തിന് ബലം കൂട്ടുന്നതാണ് കഴിഞ്ഞ ഓരോ സംഭവങ്ങളും.
ഹൗസിലെ ചില മത്സരാര്‍ത്ഥികളുമായി അക്ബര്‍ വളരെ ശക്തമായ സൗഹൃദം സ്ഥാപിക്കുന്നു. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ അവര്‍ വഴി അവതരിപ്പിക്കുകയും, അവര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നു.
ഗ്രൂപ്പിലെ മറ്റൊരംഗത്തെ ഉപയോഗിച്ച് ഹൗസില്‍ ഒരു വിഷയത്തിന് തീ കൊളുത്തുന്നു. ഇവിടെ അക്ബര്‍ നേരിട്ട് ഏറ്റുമുട്ടലുകള്‍ക്ക് പോകാതെ, പുറത്തുനിന്ന് കളികള്‍ നിയന്ത്രിക്കുന്ന കുറുക്കന്റെ ബുദ്ധി ഉപയോഗിക്കുന്നു. പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോളാകട്ടെ, അക്ബര്‍ ആ വിഷയത്തില്‍ നിന്ന് തന്ത്രപരമായി അകലം പാലിക്കുകയും, ആ ഏറ്റുമുട്ടലിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഗ്രൂപ്പിലെ മറ്റൊരംഗത്തിന്റെ തലയില്‍ വരികയും ചെയ്യുന്നു.
ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ച് പല ശക്തരായ മത്സരാര്‍ത്ഥികളും ഹൗസില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയോ, ഹൗസില്‍ നിന്നും എവിക്റ്റ് ആയി പുറത്ത് പോവുകയോ ചെയ്യുന്നു. ഇതിന് ഉദാഹരണമാണ് അപ്പാനി ശരത്, ഒനീല്‍, അഭിലാഷ്, ശൈത്യ, ബിന്‍സി തുടങ്ങിയവരുടെ എവിക്ഷന്‍.
ഇപ്പോള്‍ നെവിന്‍, ആര്യന്‍, അക്ബര്‍ കൂട്ടുകെട്ടിലും പ്രശ്‌നങ്ങള്‍ മറ്റുള്ളവരുടെ തലയിലിട്ട് നൈസായി തലയൂരാനാണ് അക്ബര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മിക്ക പ്രശ്‌നങ്ങളുടെയും കേന്ദ്രമായിരുന്നിട്ടും അക്ബര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതാണ് ബിഗ് ബോസ് ഹൗസിലെ പതിവ് കാഴ്ച.
വീടിനുള്ളിലെ ഈ ‘കുറുക്കന്‍’ തന്ത്രങ്ങള്‍ക്ക് പുറമെ, ബിഗ് ബോസ് ഹൗസിന് പുറത്ത് അക്ബറിന് വേണ്ടി ഭാര്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ പി.ആര്‍. വര്‍ക്കുകള്‍ അദ്ദേഹത്തിന്റെ ‘സേഫ് ഗെയിം’ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
അക്ബറിന്റെ ഉള്ളിലെ തന്ത്രവും പുറത്തെ പി.ആര്‍. വര്‍ക്കും ചേരുമ്പോള്‍, പലപ്പോഴും എവിക്ഷന്‍ ലിസ്റ്റില്‍ പോലും പേര് വരാതെ അദ്ദേഹം ടോപ്പ് ഫൈവിലേക്ക് അടുക്കുകയാണോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നു. താന്‍ തുടങ്ങിവെച്ച പ്രശ്‌നങ്ങളുടെ പേരില്‍ മറ്റു മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസിന്റെ താക്കീതുകള്‍ ലഭിക്കുമ്പോഴും, അക്ബര്‍ ‘ഗെയിം സ്ട്രാറ്റജിസ്റ്റ്’ എന്നൊരു ഇമേജ് നിലനിര്‍ത്തി സുരക്ഷിതമായി മുന്നോട്ട് പോകുന്നു.
തീര്‍ച്ചയായും, ബിഗ് ബോസ് ഒരു സോഷ്യല്‍ ഗെയിമാണ്. അവിടെ നിലനില്‍പ്പിനായി ഓരോരുത്തരും തന്ത്രങ്ങള്‍ മെനയും. എന്നാല്‍, സ്വന്തം നിലനില്‍പ്പിനായി കൂട്ടുകാരെ പോലും ‘ബലിയാടാക്കി’ മുന്നോട്ട് പോകുന്ന അക്ബറിന്റെ ഈ ‘കുറുക്കന്‍’ ഗെയിം തന്ത്രം പ്രേക്ഷകര്‍ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞാല്‍ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്ര ചോദ്യചിഹ്നമായേക്കും.