‘എത്ര മനോഹരമായാണ് അവര്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്തത്, ഒരുപാട് ബഹുമാനം’; സഹതാരത്തെ പുകഴ്ത്തി പ്രതിക റാവല്‍

ഇന്ത്യയുടെ വനിതാ ഓള്‍റൗണ്ടർ ഷഫാലി വർമയെ വാനോളം പുകഴ്ത്തി പ്രതിക റാവല്‍. വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക പ്രകടനമാണ് ഷഫാലി കാഴ്ചവെച്ചത്.ലോകകപ്പ് റിസർവ് ടീമില്‍ പോലും ഇടംലഭിക്കാതിരുന്ന ഷഫാലി, പ്രതിക റാവലിന് പരിക്കേറ്റ് പുറത്തായതിനെ തുടർന്ന് സെമിയിലാണ് ടീമിലെത്തുന്നത്. ഫൈനലില്‍ 87 റണ്‍സും രണ്ട് വിക്കറ്റും വീഴ്ത്തിയ ഷഫാലിയായിരുന്നു മത്സരത്തിലെ താരമായതും.
സെമിഫൈനലില്‍ നേരിട്ടെത്തിയ സമ്മർദ്ദം വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാൻ ഷഫാലിക്ക് സാധിച്ചെന്നാണ് പ്രതിക പറയുന്നത്. “അത്ര സമ്മർദ്ദത്തില്‍ സെമിഫൈനലില്‍ കളിക്കുകയെന്നത് ഒട്ടും എളുപ്പമല്ല. പക്ഷേ ഷഫാലി അത് മനോഹരമായി കൈകാര്യം ചെയ്തു. ഫൈനലില്‍ അവള്‍ എത്ര നന്നായി കളിച്ചെന്ന് നമുക്കറിയാം.”, ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രതിക റാവല്‍ പറഞ്ഞു.
ലോകകപ്പില്‍ പ്രതിക റാവല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 308 റണ്‍സ് നേടിയ താരം ന്യൂസിലൻഡിനെതിരെ സെഞ്ച്വറി നേടുകയും ചെയ്തു. 51.33 ശരാശരിയും 77.77 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 299 റണ്‍സിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 246 റണ്‍സിന് ഓളൗട്ടായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപ്പോരില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഷഫാലി തിളങ്ങി. ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കൂടി സ്വന്തമാക്കിയാണ് ഷഫാലി മടങ്ങുന്നത്. 78 പന്തില്‍ 87 റണ്‍സെടുത്ത ഷഫാലി വർമ, ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

