കാരപ്പറമ്പില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയാകും; കോഴിക്കോട് കോര്‍പറേഷനില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 45 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കാരപ്പറമ്പില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയാകും. രണ്ട് വട്ടം കൗണ്‍സിലറായ നവ്യ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയായിരുന്നു. മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല എന്ന് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. രണ്ടാംഘട്ട പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ചാലപ്പുറം, കോട്ടൂളി തുടങ്ങി 31 വാര്‍ഡുകളിലാണ് എന്‍ഡിഎ പ്രഖ്യാപിക്കാന്‍ ബാക്കി ഉള്ളത്. ഘടകകക്ഷിളുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനം എന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കൊല്ലം കോര്‍പ്പറേഷനില്‍ എന്‍ഡിഎ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 21 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്.ഡിന്നി വടക്കേവിളയില്‍ മത്സരിക്കും. രണ്ട് ദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. യുഡിഎഫ് രണ്ട് ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ രംഗത്താണ്. എല്‍ഡിഎഫും ഉടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
