Main Banner

ആദ്യ കൂടിക്കാഴ്ച, യുവതി നല്‍കിയ വെള്ളം കുടിച്ച എഞ്ചിനീയറുടെ ബോധം പോയി; നഷ്ടമായത് മാല അടക്കം 6.89 ലക്ഷത്തിന്റെ സ്വര്‍ണം

സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായി പരാതി. 26 വയസ്സുകാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് പരാതിക്കാരന്‍. മൂന്നര പവന്റെ സ്വര്‍ണമാലയും മൂന്ന് പവന്റെ ബ്രേസ്‌ലറ്റും കവര്‍ന്നെന്നാണ് പരാതി. സ്വര്‍ണവും പണവും അടക്കം 6.89 ലക്ഷം രൂപ സ്വര്‍ണം നഷ്ടമായതായി യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ബെംഗളൂരുവിലാണ് സംഭവം.

1 st paragraph

നവംബര്‍ ഒന്നിനാണ് സംഭവം നടന്നതെങ്കിലും പരാതിക്കാരന്‍ ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്ദിരാനഗര്‍ പൊലീസിനെ സമീപിച്ചത്. കവിപ്രിയ എന്ന യുവതിയെ രണ്ട് മാസം മുമ്പ് ‘ഹാപ്ന്‍’ എന്ന ഡേറ്റിംഗ് ആപ്പ് വഴിയാണ് പരിചയപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. കുറച്ചു ദിവസത്തെ ചാറ്റിന് ശേഷം നവംബര്‍ ഒന്നിന് ഇന്ദിരാനഗറിലെ ഒരു റെസ്റ്റോറന്റില്‍ വെച്ച് നേരിട്ട് കാണാന്‍ ഇരുവരും തീരുമാനിച്ചു.

നേരില്‍ കണ്ടപ്പോള്‍ ഇരുവരും മദ്യപിച്ചു. യുവതി അടുത്തുള്ള ലോഡ്ജില്‍ മുറി ബുക്ക് ചെയ്തിരുന്നു.താന്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്ത് രാത്രി വളരെ വൈകിയതിനാല്‍ തിരികെ പോകാന്‍ കഴിയില്ലെന്ന് യുവതി പറഞ്ഞു. രാത്രി 12.30 ഓടെ ഓണ്‍ലൈനായി യുവതി ഭക്ഷണം വരുത്തി. പിന്നീട് യുവതി ഒരു ഗ്ലാസ് വെള്ളം നല്‍കിയെന്നും അത് കുടിച്ചപ്പോള്‍ താന്‍ ഉറങ്ങിപ്പോയെന്നും യുവാവ് പറയുന്നു. രാവിലെ ബോധം വന്നപ്പോള്‍ തന്റെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും കാണാതായെന്ന് യുവാവ് പറയുന്നു. യുവതിയെയും കാണാനില്ലായിരുന്നുവെന്ന് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

2nd paragraph

യുവാവിന്റെ മൊഴി അനുസരിച്ച്, 3.22 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ മാല, 3.45 ലക്ഷം രൂപയുടെ ബ്രേസ്‌ലറ്റ്, 10,000 രൂപ, 12,000 രൂപയുടെ ഹെഡ്സെറ്റ് എന്നിവയുമായി യുവതി കടന്നു കളഞ്ഞു. യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി തന്റെ സ്വകാര്യ ചിത്രങ്ങള്‍ എടുത്തിട്ടുണ്ടാകുമോ എന്ന ആശങ്കയും യുവാവ് പൊലീസിനോട് പറഞ്ഞു. ഭക്ഷണത്തിലോ വെള്ളത്തിലോ യുവതി മയക്കുമരുന്ന് കലര്‍ത്തിയതായി പൊലീസ് സംശയിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ 303 (2), 318 (4) വകുപ്പുകള്‍ പ്രകാരം മോഷണത്തിനും വഞ്ചനയ്ക്കും പൊലീസ് കേസെടുത്തു.