Shobika

നടുക്കം മാറാതെ രാജ്യതലസ്ഥാനം; എന്താണ് സംഭവിച്ചത്, സ്‌ഫോടനം നടന്ന ഐ20 കാര്‍ ഓടിച്ചതാര്? ഭീകരാക്രമണമെന്ന് സൂചന

രാജ്യതലസ്ഥാനത്തെ ഓള്‍ഡ് ദില്ലി പതിവ് പോലെ ഇന്നലെയും തിക്കേറിയ പായുകയായിരുന്നു. ചരിത്ര പ്രാധാന്യം ഏറെയുള്ള ചെങ്കോട്ടയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷന് മുന്നില്‍ ട്രാഫിക് സിഗ്‌നലിലേക്ക് മെല്ലെ എത്തുന്ന ഒരു ഹ്യൂണ്ടായത് ഐ 20 കാര്‍. വൈകുന്നേരം 6.55ഓടെ ആ കാര്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. ദില്ലിയാകെ ആ അപ്രതീക്ഷിതമായ സ്‌ഫോടനത്തില്‍ നടുങ്ങി. സമീപത്തുണ്ടായിരുന്ന കാറുകള്‍, ഓട്ടോറിക്ഷകള്‍, സൈക്കിള്‍ റിക്ഷകള്‍ എന്നിവ തകര്‍ന്നു. ഒരു കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. രാജ്യത്തിന്റെ തലസ്ഥാനം ഉടന്‍ തന്നെ കനത്ത സുരക്ഷാ വലയത്തിലായി. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എന്‍ഐഎയും എസ്എസ്ജിയും അടക്കമുള്ള ഏജന്‍സികള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് അധികം വൈകാതെ തന്നെ എത്തി. രാജ്യത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു. എട്ട് പേരാണ് സ്‌ഫോടനത്തില്‍ മരിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

1 st paragraph

കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്.

ഫരീദാബാദ് ഭീകരസംഘത്തില്‍ പൊലീസ് തെരയുന്ന വ്യക്തി
സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദെന്ന് സൂചന. ഫരീദാബാദ് ഭീകര സംഘത്തില്‍ പൊലീസ് തെരയുന്ന വ്യക്തിയാണ് ഇയാളെന്നാണ് ദില്ലി പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഭീകരവാദിയായ ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ച് ചെങ്കോട്ടയിലെത്തിയതെന്നാണ് സംശയിക്കുന്നത്. സ്‌ഫോടനം നടന്ന ഐ20 കാറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത് ഉമര്‍ മുഹമ്മദാണെന്നകാര്യമടക്കമാണ് പൊലീസ് പരിശോധിക്കുന്നത്. മാസ്‌ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

2nd paragraph

ഭീകരാക്രമണമെന്ന് സൂചന

രാജ്യത്തെ നടുക്കി ദില്ലി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവര്‍ ദില്ലി, യുപി സ്വദേശികളാണെന്നാണ് വിവരം. ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന.

ഹരിയാനയില്‍ അറസ്റ്റിലായ ഡോക്ടര്‍മാര്‍ക്ക് ബന്ധമെന്നും സംശയം

ഹരിയാനയില്‍ അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാര്‍ക്ക് ഈ സ്‌ഫോടനത്തില്‍ പങ്കുള്ളതായാണ് സംശയം. ദില്ലി പൊലീസ് അനൗദ്യോഗികമായി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടന്നത് ഭീകരാക്രമണം ആണെന്ന സംശയം ശക്തമാകുന്നത്. ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കല്‍ കോളേജുമായി ബന്ധമുള്ള ഡോക്ടര്‍മാരില്‍ നിന്ന്, സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോള്‍ട്ട് റൈഫിള്‍, വന്‍ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തത്.

പൊട്ടിത്തെറിച്ച കാറിന്റെ ഉടമ

ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ നിലവിലെ ഉടമ ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശി താരിഖ് എന്ന് സൂചന. മൊഹമ്മദ് സല്‍മാന്‍ ആയിരുന്നു വാഹനത്തിന്റെ ആദ്യ ഉടമ. സല്‍മാനെ ദില്ലി പൊലീസിന് കൈമാറിയെന്ന് ഹരിയാന പൊലീസ് വിശദമാക്കുന്നത്. വാഹനം സാമ്പത്തിക ഞെരുക്കം കാരണം വിറ്റെന്ന് സല്‍മാന്റെ ഭാര്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കാര്‍ സല്‍മാനില്‍ നിന്ന് വാങ്ങിയ ദേവേന്ദറും പൊലീസ് കസ്റ്റഡിയില്‍. മറ്റൊരാള്‍ക്ക് കാര്‍ കൈമാറിയെന്ന് ദേവേന്ദര്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ദേവേന്ദറില്‍ നിന്ന് വണ്ടി വാങ്ങിയത് അമീര്‍ എന്നയാളാണ് വാഹനം വാങ്ങിയതെന്നാണ് വിവരം. അമീറില്‍ നിന്നാണ് പുല്‍വാമ സ്വദേശി താരിഖ് വാഹനം വാങ്ങിയത്. താരിഖ് വാഹനം ഉമ്മര്‍ മുഹമ്മദിന് കൈമാറിയെന്നുമാണ് വിവരം. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത് എച്ച് ആര്‍ 26 ഇ 7674 എന്ന നമ്പറിലുള്ള വാഹനമെന്നാണ് പുറത്ത് വരുന്ന വിവരം.

ലക്ഷ്യമിട്ട് ചാന്ദ്‌നിചൗക്ക്

ചെങ്കോട്ടയിലെ പാര്‍ക്കിങില്‍ പുറത്തേക്ക് വരുന്ന കാറില്‍ ഡ്രൈവിങ് സീറ്റില്‍ ഒരാളെ മാത്രമാണ് കാണുന്നത്. ഇതിനാല്‍ സ്‌ഫോടനം നടക്കുമ്പോള്‍ കാറില്‍ ഒരാള്‍ മാത്രമാണോ ഉണ്ടായിരുന്നതെന്നും സംശയിക്കുന്നുണ്ട്. കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ നിര്‍ത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റാണെന്നാണ് സൂചന. തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്നാണ് വിവരം. ട്രാഫിക്ക് സിഗ്‌നല്‍ കാരണം വണ്ടി നിര്‍ത്തേണ്ടി വന്നതോടെയാണ് മാര്‍ക്കറ്റിന് സമീപത്തേക്ക് കാര്‍ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഒന്നിലധികം ഏജന്‍സികളുടെ അന്വേഷണം

സ്‌ഫോടകവസ്തുക്കളുടെ ഫോറന്‍സിക് പരിശോധനകള്‍ കൂടാതെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ടവറുകളില്‍ നിന്നുള്ള കോള്‍ രേഖകള്‍, ദൃക്സാക്ഷികളെ ചോദ്യം ചെയ്യല്‍, ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നുള്ള എല്ലാ മുന്നറിയിപ്പുകളും പരിശോധിക്കല്‍ എന്നിവ പൊലീസ് നടത്തുന്നുണ്ട്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂറിന് മാസങ്ങള്‍ക്ക് ശേഷമാണ് സ്‌ഫോടനം സംഭവിച്ചത്. ഇത് ഒരു ഭീകരാക്രമണമാണോ എന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, അടുത്ത ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ ഒരു റിസ്‌കുമെടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നു.

അമിത് ഷായുടെ പ്രതികരണം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസില്‍ ഏകോപിപ്പിച്ച മള്‍ട്ടി-ഏജന്‍സി അന്വേഷണത്തിന് ഉത്തരവിട്ടു. ദേശീയ അന്വേഷണ ഏജന്‍സി, ദേശീയ സുരക്ഷാ ഗാര്‍ഡ്, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, ദില്ലി പൊലീസ് എന്നിവരാണ് അന്വേഷണത്തില്‍ പങ്കുചേരുന്ന പ്രധാന ഏജന്‍സികള്‍. അര്‍ദ്ധസൈനിക വിഭാഗങ്ങളെയും വിളിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണവും സ്വഭാവവും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താനും എത്രയും വേഗം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബന്ധപ്പെട്ട എല്ലാ ഏജന്‍സികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.