Fincat

കോണ്‍ഗ്രസ് ‘മുസ്ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ്’ എന്ന് മോദി; രാഹുല്‍ ഗാന്ധിക്കും വിമര്‍ശനം


ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ‘മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് (എംഎംസി) എന്ന് വിശേഷിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.പാര്‍ട്ടിയിലെ ഒരു വിഭാഗം ഈ ‘നെഗറ്റീവ് അജണ്ട’യോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ബിഹാറിലെ വന്‍ വിജയത്തിനുശേഷം ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന് കോണ്‍ഗ്രസ് എംഎംസി-മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് ആയി മാറിയിരിക്കുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ അജണ്ടയും ഇതിനെ ചുറ്റിപ്പറ്റിയാണ്. കോണ്‍ഗ്രസില്‍ മറ്റൊരു വലിയ പിളര്‍പ്പ് ഉണ്ടാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു’, മോദി പറഞ്ഞു. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബെഗുസരായ്‌യിലെ കുളത്തില്‍ ഇറങ്ങിയതിനെയും മോദി പരിഹസിച്ചു.


ബിഹാര്‍ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്വയം മുങ്ങിത്താഴാനും മറ്റുള്ളവരെ മുക്കാനും ശ്രമിച്ചുവെന്നായിരുന്നു പരിഹാസം. കോണ്‍ഗ്രസ് എല്ലാവരെയും അതിന്റെ നെഗറ്റീവ് രാഷ്ട്രീയത്തില്‍ മുക്കിക്കൊല്ലുകയാണെന്ന് കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ പോലും മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. ജംഗിള്‍ രാജ് ഒരിക്കലും ബിഹാറിലേക്ക് തിരിച്ചുവരില്ല. ആര്‍ജെഡി ഭരണത്തിന്‍ കീഴില്‍ വര്‍ഷങ്ങളോളം ജംഗിള്‍ രാജിന്റെ ഭീകരത സഹിച്ച ബിഹാറിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇന്നത്തെ വിജയം സമര്‍പ്പിക്കുന്നു. കോണ്‍ഗ്രസിന്റെയും ചെങ്കൊടിക്കാരുടെയും ഭീകരതയാല്‍ ഭാവി നശിച്ചുപോയ ബിഹാറിലെ യുവാക്കളുടേതാണ് വിജയം. ബിഹാര്‍ വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്. ഈ യാത്ര അസാനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എൻഡിഎയുടെ വിജയാഘോഷ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു
തോക്ക് കയ്യിലെടുക്കുന്ന സര്‍ക്കാര്‍ ഇനിയൊരിക്കലും ബിഹാറില്‍ അധികാരത്തില്‍ വരില്ല. ബിഹാര്‍ സമാധാനപരമായി വോട്ട് ചെയ്തു. ഭയമില്ലാതെ ബിഹാര്‍ വോട്ടുചെയ്തു. അക്രമങ്ങള്‍ ഇല്ലാതെ വോട്ടെടുപ്പ് നടന്നു. കള്ളം പറയുന്നവര്‍ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണം തകര്‍ന്നു. ജനങ്ങള്‍ക്ക് വികസനമാണ് വേണ്ടത്. കുടുംബാധിപത്യത്തിന് മേല്‍ ജനാധിപത്യത്തിന്റെ വിജയമാണിത്. ഛട്ട് മാതാവിനെ അപമാനിച്ചവര്‍ക്ക് ബിഹാര്‍ മാപ്പുനല്‍കില്ല. ഛട്ട് പൂജയെ നാടകം എന്നുവിളിച്ചു. പ്രധാന സംസ്ഥങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പുറത്തായെന്നും മോദി ആരോപിച്ചു.

1 st paragraph