പണമില്ലെന്ന പേരില്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കരുത്, ചികിത്സ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം; സുപ്രധാന നിര്‍ദ്ദേശവുമായി ഹൈക്കോടതി

ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജീവന്‍ രക്ഷിക്കാനുള്ള പ്രാഥമിക കര്‍ത്തവ്യം എല്ലാ ആശുപത്രികള്‍ക്കും ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ച ഹൈക്കോടതി ആശുപത്രികളുടെ പ്രവര്‍ത്തനത്തിനായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പാക്കുകയും വേണം. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം. ആശുപത്രി റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ഓരോ ചികിത്സയുടെയും കൃത്യമായ നിരക്കുകള്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

