
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിധി നാളെ പുറത്തുവരാനിരിക്കെ കോഴിക്കോട് റൂറലില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് നിയന്ത്രണം.സംഘർഷ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. പലയിടങ്ങളിലും സംഘർഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ക്ക് അനുമതി നിർബന്ധമാക്കി.

പ്രകടനങ്ങള്‍ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികള്‍ക്കൊപ്പം മാത്രമേ പാടുള്ളൂ. നാസിക് ഡോള്‍ അടക്കമുള്ള ശബ്ദ സംവിധാനങ്ങള്‍ക്കും വിലക്കുണ്ട്. ബൈക്കുകളില്‍ അഭ്യാസപ്രകടനങ്ങള്‍ അരുതെന്നും നിർദേശമുണ്ട്.
നാളെ രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ജില്ലയില്‍ 20 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വരണാധികാരികളുടെ ടേബിളില്‍ എണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക. കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്‌കൂളാണ് കോർപറേഷനിലെ വോട്ടെണ്ണല്‍ കേന്ദ്രം.സംസ്ഥാനത്ത് 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ഡിസംബർ ഒമ്ബതിനും തൃശൂർ മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ ഡിസംബർ 11നുമായിരുന്നു തെരഞ്ഞെടുപ്പ്.

