തിരൂരില്‍ തൂത്തുവാരി യുഡിഎഫ്; പണക്കൊഴുപ്പും അപരന്‍മാരും ഇടതിനെ തുണച്ചില്ല

തിരൂര്‍: ശക്തമായ മത്സരം നടന്ന തിരൂര്‍ നഗരസഭയില്‍ യുഡിഎഫ് തൂത്തുവാരിയിരിക്കുകയാണ്. ഭരണം പ്രതീക്ഷിച്ചു കളത്തിലിറങ്ങിയ എല്‍ഡിഎഫിന് 8 സീറ്റില്‍ ഒതുങ്ങി ശക്തമായ പ്രഹരമാണ് നേരിട്ടത്. കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് യുഡിഎഫ് മുന്നേറ്റം.

40 ല്‍ 31 സീറ്റുകളുടെ നേട്ടമാണ് നിലവില്‍ യുഡിഎഫിനുള്ളത്.
മുസ്ലീംലീഗിന് ഒറ്റക്ക് ഭരിക്കാമെന്ന നിലയുമുണ്ട്. എന്‍ഡിഎ ഒരു സീറ്റ് നിലനിര്‍ത്തി. 27 സീറ്റുകളില്‍ മത്സരിച്ച മുസ്ലീംലീഗ് 26 സീറ്റുകളിലും വിജയിച്ചു. 5 സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. മുസ്ലീംലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കൂടിയായ കീഴേടത്തില്‍ ഇബ്രാഹീം ഹാജിയായിരിക്കും നഗരസഭ ചെയര്‍മാന്‍.
വ്യവസായ പ്രമുഖരെയും സ്വതന്ത്രരെയും അപരന്മാരെയുമെല്ലാം ഇറക്കിയുള്ള ഇടത് തന്ത്രം ഇത്തവണ വിജയിച്ചില്ല. രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ച ഗഫൂര്‍ പി ലില്ലീസ് ആയിരുന്നു സിപിഎമ്മിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. വ്യവസായി ജപ്പാന്‍ സ്‌ക്വയര്‍ അലിയും പരാജയപ്പെട്ടു. ഇരുവരുടെയും എതിര്‍ സ്ഥാനാര്‍ത്ഥികളായ യുഡിഎഫിന്റെ മന്‍സൂറലി, മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് മൂന്ന് വീതം അപരന്മാരാണ് ഉണ്ടായിരുന്നത്. ഇതും മറികടന്നാണ് ലീഗ് സ്ഥാനാര്‍ത്ഥികളുടെ വിജയം.

