നിർമ്മല കുട്ടികൃഷ്ണൻ തിരൂർ നഗരസഭയിലേക്ക് ജയിക്കുന്നത് അഞ്ചാം തവണ

തിരൂർ : ഇടത് വലത് മുന്നണികൾ മാറി ഭരിച്ചിരിന്ന തിരൂർ നഗരസഭയിൽ കഴിഞ്ഞ 25 വർഷമായി ബിജെപി ടിക്കറ്റിൽ ജയിച്ചു കയറുകയാണ് നിർമ്മല കുട്ടികൃഷ്ണൻ. ഒരേ വാർഡിൽ മിന്നും വിജയമാണ് ഇത്തവണയും നിർമ്മല ടീച്ചർ നേടിയിരിക്കുന്നത്. നഗരസഭയിൽ ബിജെപിക്ക് കാര്യമായ വേരോട്ടമില്ലാതിരുന്നിട്ടും തൃക്കണ്ടിയൂരിലെ ഈ സീറ്റിൽ നിർമ്മല കുട്ടികൃഷ്ണന് രണ്ടര പതിറ്റാണ്ടിൻ്റെ വിജയത്തുടർച്ചയുണ്ട്.

തിരൂരിലെ ബിജെപി വനിതാനേതാവ് കൂടിയായ പുന്നക്കൽ നിർമ്മല കുട്ടിക്കൃഷ്ണൻ തന്റെ 68-ാം വയസ്സിലും ചുറുചുറു ക്കോടെയാണ് ഓരോ തെരഞ്ഞെടുപ്പും നേരിടുന്നത്. തുടർച്ചയായി ആറുതവണ ഈ അധ്യാപിക നഗരസഭയിലേക്ക് മത്സരിച്ചു ഇതിൽ ഒരുതവണ മാത്രം തോറ്റു. ബാക്കി എല്ലാ തവണയും വിജയകിരീടം ചൂടി.
2000-ത്തിൽ 24-ാം വാർഡിൽ നിന്ന് ബിജെപി സ്വതന്ത്രയായിട്ടായിരുന്നു കളത്തിലിറങ്ങി വിജയത്തുടക്കം കുറിച്ചത്. 2005-ൽ ഇതേ വാർഡിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും തോറ്റു.

2010 മുതൽ ഇതേവരെ ബിജെപിക്ക് നഗരസഭയിൽ ഒരു സീറ്റ് നേടി ഇവർ വിജയിച്ചു കയറി. ഇക്കുറി ജനറൽ സീറ്റിലാണ് ജയിച്ചത്. വാർഡ് വിഭജനത്തിൽ വാർഡ് 33 ആയെങ്കിലും വിജയം നിർമ്മല ടീച്ചർക്ക് ഒപ്പമാണ്. എം.എ ഇക്കണോമിക്സ്, എം.എ പൊളിറ്റിക്സ് ബിരുദാനന്തര ബിരുദമുള്ള നിർമ്മല കുട്ടി കൃഷ്ണൻ തിരൂർ ആർട്സ് കോളേജ്, തിരൂർ കോ ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. മികച്ച വായനക്കാരി കൂടിയാണ് നിർമ്മല ടീച്ചർ. വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങളും നല്ല വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതുമാണ് തെരഞ്ഞെടുപ്പുകളിൽ ടീച്ചർക്കു ലഭിക്കുന്ന തുടർച്ചയായ ജയത്തിന് പിന്നിൽ. 44 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് നിർമ്മല കുട്ടികൃഷ്ണൻ വീണ്ടും നഗരസഭയിലേക്ക് തെരഞ്ഞെടുത്തത്.
