കാന്തപുരത്തിന്റെ കേരളയാത്ര ഇന്ന് തിരൂരില്‍; ചരിത്ര സമ്മേളനത്തിന് സാക്ഷിയാകാന്‍ നഗരിയൊരുങ്ങി

തിരൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്ര ഇന്ന് (വ്യാഴം) തിരൂരിലെത്തും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായ ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയവുമായാണ് കാന്തപുരം കേരളയാത്ര സംഘടിപ്പിക്കുന്നത്. മുമ്പ് കാന്തരപുരം നടത്തിയ കേരള യാത്രകള്‍ പ്രമേയം കൊണ്ടും സംഘാടനംകൊണ്ടും കേരളം ശ്രദ്ധിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് കാന്തപുരത്തിന്റെ കേരളയാത്ര നടക്കുന്നത്. കാന്തപുരത്തിന്റെ ഒന്നാം കേരളയാത്ര 1999ലും രണ്ടാം കേരളയാത്ര 2012ലും ആയിരുന്നു. ജനുവരി ഒന്നിന് കാസര്‍കോട് ഉള്ളാള്‍ ദര്‍ഗ്ഗയില്‍ നിന്നും ആരംഭിച്ച യാത്ര 16ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.

ഇന്ന് വൈകിട്ട് 4.30ന് തിരൂര്‍ താഴേപ്പാലം രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് സമീപത്ത് നിന്നും ജാഥ ആരംഭിക്കും. പ്രത്യേകം സജ്ജീകരിച്ച 313 അംഗം സന്നദ്ധ സേനയായ കോണ്‍ഫറന്‍സ് ഗാര്‍ഡിന്റെ അകമ്പടിയോടെ സമ്മേളന നഗരിയായ സെന്‍ട്രന്‍ ജംഗ്ഷനിലെ വേദിയിലെത്തും. യാത്രാ നായകന്‍ കാന്തപരും അബൂബക്കര്‍ മുസ്ലിയാര്‍ക്കു പുറമെ ഉപ നായകന്‍മാരായ സയ്യിദ് ഖലീലുല്‍ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹിമാന്‍ സഖാഫി എന്നിവരും ജാഥയെ അനുഗമിക്കും. ചടങ്ങ് കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും.
മലപ്പുറം ജില്ലയിലെ രണ്ടാമത്തെ സ്വീകരണ കേന്ദ്രമാണ് തിരൂര്. ബുധനാഴ്ച അരീക്കോട് നടന്ന കേരളയാത്ര മനുഷ്യകടലായി മാറി. തിരൂരിലെ ചരിത്ര സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ നഗരവും സംഘാടകരും ഒരുങ്ങി.

