Fincat

മുസ്ലിംലീഗില്‍ ഇത്തവണ കൂടുതല്‍ യുവാക്കള്‍ക്ക് സീറ്റ്; രണ്ട് വനിതകള്‍ക്കും സീറ്റ് ഉറപ്പ്

കോഴിക്കോട്: നിയമസഭാ സീറ്റ് സംബന്ധിച്ച് മുസ്ലിംലീഗിലും ചര്‍ച്ച ചൂടു പിടിച്ചിരിക്കുകയാണ്. യുഡിഎഫ് ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കു മുന്നോടിയായി പാര്‍ട്ടി സീറ്റുകളില്‍ ധാരണയുണ്ടാക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടിക്കുള്ളിലെ സജീവ നീക്കം. ആരൊക്കെ സിറ്റംഗ് എംഎല്‍എമാര്‍ മത്സരിക്കണമെന്നും പുതുതായി ആരൊക്കെ മത്സരിക്കണമെന്നുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

1 st paragraph

നീണ്ട പത്തു വര്‍ഷത്തിനു ശേഷം ഇടതു മുന്നണിയില്‍ നിന്നും ഭരണം പിടിക്കേണ്ട അനിവാര്യ തെരഞ്ഞെടുപ്പായതിനാല്‍ കുറ്റമറ്റ സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധി നേതൃത്വത്തിനുണ്ട്. വിജയ സാധ്യത പരിഗണിക്കുന്നതോടൊപ്പം പുതിയ കാലത്തിന് സ്വീകാര്യമാകും വിധമുള്ള സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും തീരുമാനിക്കുക. പുതിയ പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉണ്ടെന്നാണ് സൂചന.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പല വിപ്ലവകരമായ തീരുമാനങ്ങളും കൈകൊണ്ട് മുസ്ലിംലീഗ് ഞെട്ടിച്ചിരുന്നു. ഏറ്റവും കൂടുതല്‍ യുവാക്കളെയും വനിതകളെയും മത്സരിപ്പിച്ച് വിജയിപ്പിക്കാന്‍ സാധിച്ചുവെന്നതും തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ നേട്ടമാണ്.

2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിലും ചരിത്ര പരമായ പല നീക്കങ്ങല്‍ക്കും മുസ്ലിംലീഗ് ലക്ഷ്യമിടുന്നുണ്ട്. ഒന്നോ രണ്ടോ യുവ നേതാക്കള്‍ക്ക് സീറ്റ് കിട്ടിയാല്‍ കിട്ടി എന്ന മട്ടിലായിരുന്നു പഴയകാലത്ത് ലീഗിന്റെ നിലപാടെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ അതിന് മാറ്റം വന്നുതുടങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ വിദ്യാര്‍ത്ഥി , വനിതാ , ദളിത് നേതാക്കള്‍ക്കു കൂടി കൂടുതല്‍ പ്രാതിനിധ്യം നല്‍കാനാണ് പാര്‍ട്ടി തീരുമാനം.

2nd paragraph

കഴിഞ്ഞ തവണ താനൂരില്‍ പരാജയപ്പെട്ട യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ഇത്തവണയും ടിക്കറ്റ് ലഭിക്കും. കൂടാതെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി അഷ്‌റഫലി, മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ഫൈസല്‍ ബാബു, യൂത്ത്‌ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബുമീരാന്‍ തുടങ്ങിയ യുവനേതാക്കളും വനിതാലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ജയന്തി രാജന്‍ തുടങ്ങിയവരുടെ പേരുകളാണ് പാര്‍ട്ടി സജീവമായി പരിഗണിക്കുന്നത്.

സിറ്റിംഗ് എംഎല്‍എമാര്‍ പലര്‍ക്കും ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല. യുവാക്കളെയും വനിതകളെയും നിര്‍ബന്ധമായും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി പട്ടികക്കായിരിക്കും ലീഗ് അന്തിമരൂപം നല്‍കുക. അതീവ രഹസ്യമായാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കുന്നത്. പാണക്കാട് സാദിഖലി തങ്ങള്‍ പ്രഖ്യാപിക്കുന്നത് വരെ ഫൈനല്‍ പട്ടിക രഹസ്യമായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.