കളിച്ച് നടക്കാതെ പോയിരുന്ന് പഠിക്ക് ! പത്താം ക്ലാസ് പരീക്ഷക്കൊരുങ്ങി വൈഭവ് സൂര്യംവംശി

ഇന്ത്യ അണ്ടർ 19 ലോകകിരീടം ചൂടിയിട്ട് ദിവസങ്ങള്‍ പിന്നിടുന്നേയുള്ളൂ. കലാശപ്പോരില്‍ വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റൻ സ്‌കോറുയർത്തിയത്.ഒടുവില്‍ 100 റണ്‍സിന്റെ കൂറ്റൻ ജയം കുറിച്ച് ആറാം വിശ്വകിരീടത്തില്‍ മുത്തമിട്ടു. വൈഭവ് 80 പന്തില്‍ 175 റണ്‍സാണ് അടിച്ചെടുത്തത്. 218 സ്‌ട്രൈക്ക് റൈറ്റില്‍ ബാറ്റ് വീശിയ താരം 15 സിക്‌സറും 15 ഫോറും പായിച്ചു.
14 വയസ് മാത്രം പ്രായമുള്ള വൈഭവ് ഇപ്പോള്‍ പത്താം ക്ലാസ് ബോർഡ് എക്‌സാമിന് ഒരുങ്ങുകയാണ്. ബിഹാർ സമസ്തിപൂറിലെ പോദാർ ഇന്റർനാഷണല്‍ സ്‌കൂളിലാണ് വൈഭവ് പരീക്ഷയെഴുതുന്നത്.
‘വൈഭവ് സൂര്യവംശി ഞങ്ങളുടെ സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതും. ടീച്ചർമാരും കുട്ടികളും രക്ഷിതാക്കളുമൊക്കെ വലിയ ആകാംക്ഷയിലാണ്. പരീക്ഷക്കായുള്ള എല്ലാ ഒരുക്കങ്ങളും സ്‌കൂളില്‍ പൂർത്തിയായിക്കഴിഞ്ഞു. ഇതൊരു അക്കാദമിക് പിച്ചാണ്. ക്രിക്കറ്റ് പിച്ചല്ല. വിദ്യാർത്ഥികള്‍ക്ക് എല്ലാവർക്കും ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ വൈഭവിനും ലഭിക്കും’- സ്‌കൂള്‍ പ്രിൻസിപ്പള്‍ നീല്‍ കിഷോർ പറഞ്ഞു.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് വൈഭവ് ഐ.പി.എല്ലില്‍ രാജസ്ഥാൻ റോയല്‍സിനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഇന്ത്യൻ അണ്ടർ 19 ടീമിലെ സ്ഥിരം സാന്നിധ്യമായി. ദേശീയ കുപ്പായത്തില്‍ സെഞ്ച്വറികള്‍ നേടുന്നത് തുടർക്കഥയാക്കിയ വൈഭവ് ഡൊമസ്റ്റിക് ക്രിക്കറ്റിലും ബിഹാറിനായും അതാവർത്തിച്ചു. അനധിവിദൂര ഭാവിയില്‍ തന്നെ ഇന്ത്യൻ സീനിയർ ടീമിലും വൈഭവിനെ കാണാനാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

