വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; 993 രൂപ വര്‍ധിപ്പിച്ചു

രാജ്യത്തെ വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി. 993 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071. 50 രൂപയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വില വര്‍ധനവ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇപ്പോള്‍ മാറ്റമില്ല.

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കാതെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിനെ തുടര്‍ന്ന് വാണിജ്യ സിലിണ്ടറുകള്‍ ലഭ്യമാകുന്നുണ്ടെങ്കിലും വിലകൂട്ടിയത് ഹോട്ടല്‍ രംഗത്തുള്ളവര്‍ക്ക് ഇരുട്ടടിയാകുന്നുണ്ട്. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും ആനുപാതികമായി ഉയര്‍ന്നേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മാര്‍ച്ച് മാസത്തില്‍ വാണിജ്യ സിലിണ്ടറിന് 100 രൂപയാണ് കൂട്ടിയിരുന്നത്. പിന്നാലെ ഏപ്രിലില്‍ 200 രൂപയും കൂട്ടി.
അതേസമയം ഡീസലിന്റേയും വിമാന ഇന്ധനത്തിന്റേയും കയറ്റുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഡീസലിന്റെ തീരുവ 23 രൂപയാക്കിയും വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 33 രൂപയാക്കിയുമായി നിശ്ചയിച്ചിരിക്കുന്നത്. പെട്രോള്‍ കയറ്റുമതി തീരുവയില്‍ മാറ്റമില്ല. പുതുക്കിയ തീരുവ നിരക്കുകള്‍ ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരിക.

