കേരളത്തില്‍ കാലവര്‍ഷം ഇക്കുറി നേരത്തെ എത്തിയേക്കും; മെയ് 14 മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തേ എത്താന്‍ സാധ്യത. ജൂണ്‍ ഒന്നാണ് സാധാരണ കാലവര്‍ഷം എത്തുന്നത്.

നിലവില്‍ അതിനും ദിവസങ്ങള്‍ക്കുമുന്‍പ് എത്താനുള്ള അനുകൂല സാഹചര്യങ്ങളാണ്. 14 മുതല്‍ കേരളത്തില്‍ കനത്തമഴ പ്രതീക്ഷിക്കാം. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും വീശിയേക്കും. അതിനുശേഷം മഴയുടെ ശക്തി കുറയാനാണ് സാധ്യത. പിന്നീട് മേയ് അവസാനം കാലവര്‍ഷത്തോടെ മഴ സജീവമാകും.
14-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, 15-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 16-ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പ് നല്‍കി.

അതേസമയം കാലവര്‍ഷം ഈയാഴ്ച അവസാനത്തോടെ അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എത്താനുള്ള അനുകൂല സാഹചര്യമുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയായി മേയ് 20-നാണ് ഇവിടെ എത്താറ്. ഇത്തവണ 15-ാം തീയതിയോടെ എത്തിയേക്കാം.
അന്തമാനിലെത്തിയാല്‍ സാധാരണ പത്ത് ദിവസമാണ് കേരളത്തില്‍ കാലവര്‍ഷം തുടങ്ങാന്‍ എടുക്കാറ്. മറ്റ് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മേയ് അവസാനയാഴ്ച കേരളത്തില്‍ മഴ തുടങ്ങിയേക്കും. ഇത് സംബന്ധിച്ച് വകുപ്പ് അന്തിമ പ്രവചനം നടത്തിയിട്ടില്ല.