ചെമ്പടയ്ക്ക് മുന്നില്‍ കേപ് വെര്‍ദെയുടെ പ്രതിരോധ കോട്ട; സ്‌പെയിന് സമനില കുരുക്ക്

ഫിഫ ലോകകപ്പില്‍ സ്‌പെയിന്‍ – കേപ് വെര്‍ദെ പോരാട്ടം സമനിലയില്‍. ഇരുടീമിനും ഗോള്‍ നേടാനായില്ല. മുന്‍ ലോക ചാമ്പ്യന്‍മാരായ, നിലവിലെ യൂറോ ചാമ്പ്യന്‍മാരായ, ഫിഫ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനെ ഗോള്‍ രഹിത സമനിലയില്‍ കേപ് വെര്‍ദെ പിടിച്ചുകെട്ടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ പകുതിയില്‍ പലപ്പോഴും മത്സരത്തില്‍ താളം കണ്ടെത്താന്‍ പോലും സ്പെയിന്‍ വിഷമിച്ചു. കേപ് വെര്‍ദെയുടെ ഗോള്‍ മുഖത്തേക്ക് നടത്തിയ പല ആക്രമണങ്ങളും ഗോള്‍കീപ്പര്‍ വൊസിഞ്ഞ അതിമനോഹരമായി തകര്‍ത്തു. ഒരുതവണ പോലും ഗോള്‍ വല ചലിപ്പിക്കാന്‍ സ്‌പെയിനിന്റെ വിഖ്യാതമായ ആക്രമണ നിരയ്ക്കായില്ല. മത്സരത്തിലുടനീളെം കേപ് വെര്‍ദെ കോട്ടകെട്ടി നില്‍ക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ലമീന്‍ യമാല്‍ എത്തിയെങ്കിലും മത്സരഫലത്തില്‍ മാറ്റമുണ്ടായില്ല. സ്‌പെയിന്‍ നിരയില്‍ പകരക്കാരനായാണ് യമാല്‍ ഇറങ്ങിയത്. പതിനെട്ടാം വയസ്സിലാണ് അരങ്ങേറ്റം. ലോകകപ്പില്‍ സ്‌പെയിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് യമാല്‍.
കേപ് വെര്‍ദെയുടെ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ ദിനമായി ഇന്ന് അടയാളപ്പെടുത്തപ്പെടും. ഫുട്‌ബോള്‍ ലോകത്തിന്റെ മുഴുവന്‍ കൈയടി നേടി നെഞ്ച് വിരിച്ചാണ് ഈ കുഞ്ഞന്‍ രാജ്യം ഇന്ന് നില്‍ക്കുന്നത്.
