ഹജ്ജ് 2027: സംസ്ഥാന ഹജ്ജ് ട്രെയിനർമാരുടെ അഭിമുഖം ജൂൺ 20 മുതൽ

കോഴിക്കോട് (കരിപ്പൂർ): 2027-ലെ ഹജ്ജ് അപേക്ഷാ സമർപ്പണ നടപടികൾ ഉടൻ ആരംഭിക്കാനിരിക്കെ, പ്രാരംഭ ഒരുക്കങ്ങളുടെ ഭാഗമായി ഹജ്ജ് ട്രെയിനർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂൺ 20 മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്.
ഹാജിമാർക്ക് ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് സൗകര്യമൊരുക്കുക, ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുക, അപേക്ഷകരെ നിയമവശങ്ങൾ ബോധ്യപ്പെടുത്തുക എന്നിവയാണ് ട്രെയിനർമാരുടെ പ്രധാന ചുമതലകൾ. കൂടാതെ, ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നവർക്കായി മൂന്ന് ഘട്ടങ്ങളിലായുള്ള പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക, രേഖകളുടെ സമർപ്പണം, പണമടയ്ക്കൽ, മെഡിക്കൽ പരിശോധന, യാത്രാ വിവരങ്ങൾ കൈമാറൽ തുടങ്ങിയ കാര്യങ്ങളിൽ ഹാജിമാരെ സഹായിക്കേണ്ടതും ട്രെയിനർമാരുടെ ഉത്തരവാദിത്തമാണ്.
യാതൊരുവിധ പ്രതിഫലവും കാംക്ഷിക്കാതെ തികച്ചും സൗജന്യമായി സേവനം ചെയ്യാൻ തയ്യാറുള്ളവർ മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാവൂ എന്ന് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. ട്രെയിനർമാർക്ക് ഹജ്ജ് കമ്മിറ്റി യാതൊരു സാമ്പത്തിക ആനുകൂല്യവും നൽകുന്നതല്ല. അഭിമുഖത്തിനും തുടർന്നുള്ള പരിശീലനങ്ങൾക്കും സ്വന്തം ചിലവിൽ വേണം പങ്കെടുക്കാൻ. ട്രെയിനർ ആകുന്നത് വഴി ഹജ്ജ് യാത്രയ്‌ക്കോ മറ്റ് മേഖലകളിലോ യാതൊരുവിധ പ്രത്യേക പരിഗണനയോ ആനുകൂല്യമോ ലഭിക്കുന്നതല്ല.
അഭിമുഖ ക്രമം (ജില്ല തിരിച്ച്):
കോഴിക്കോട്, വയനാട്, പാലക്കാട്: ജൂൺ 20, രാവിലെ 10:00 മണിക്ക് (കരിപ്പൂർ ഹജ്ജ് ഹൗസ്)
മലപ്പുറം: ജൂൺ 20, ഉച്ചയ്ക്ക് 03:00 മണിക്ക് (കരിപ്പൂർ ഹജ്ജ് ഹൗസ്)
കണ്ണൂർ, കാസർകോട്: ജൂൺ 21, രാവിലെ 10:00 മണിക്ക് (മട്ടന്നൂർ സീൽ ഇന്റർനാഷണൽ സ്കൂൾ)
തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം: ജൂൺ 23, രാവിലെ 10:00 മണിക്ക് (എറണാകുളം, കളമശേരി ഞാലകം കൺവെൻഷൻ സെന്റർ)
അഭിമുഖത്തിന് അർഹരായവരുടെ ലിസ്റ്റ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ keralahajcommittee.org എന്ന ലിങ്കിൽ ലഭ്യമാണ്. അപേക്ഷകർ വെബ്സൈറ്റിൽ നിന്നും തങ്ങളുടെ ക്രമനമ്പർ മനസ്സിലാക്കി വെക്കേണ്ടതും ഇന്റർവ്യൂ രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തേണ്ടതുമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്‌മാൻ പുത്തലത്ത് അറിയിച്ചു.
