കേരള മാപ്പിള കലാ അക്കാദമി ‘കലാജ്വാല – 26’ ജൂൺ 20-ന് കോട്ടക്കലിൽ; 150 കലാപ്രതിഭകളെ ആദരിക്കും

കോട്ടക്കൽ: കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കലാജ്വാല – 26’ ജൂൺ 20-ന് ശനിയാഴ്ച ഉച്ചയ്ക്ക് 2:30-ന് കോട്ടക്കൽ സി.എച്ച് സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മലപ്പുറം ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കലാ സംഘടന 150-ഓളം പ്രതിഭകളെ ഒരേ വേദിയിൽ വെച്ച് ആദരിക്കുന്നത്. കഴിഞ്ഞ സ്കൂൾ കലോത്സവത്തിൽ മാപ്പിള കലകളിൽ ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ പ്രതിഭകളെയും അവരുടെ പരിശീലകരെയും വിദ്യാലയങ്ങളെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിക്കും.


ടി. നിയാസിന് എക്സലൻസ് പുരസ്കാരം

വിദ്യാഭ്യാസ, സാമൂഹ്യ, ജീവകാരുണ്യ രംഗങ്ങളിലെ മികച്ച സേവനങ്ങൾ മുൻനിർത്തി വൈലത്തൂർ സ്വദേശി ടി. നിയാസിനെ ഈ വർഷത്തെ ‘കേരള മാപ്പിള കലാ അക്കാദമി എക്സലൻസ് പുരസ്കാര’ത്തിനായി തെരഞ്ഞെടുത്തു. പൊതുപ്രവർത്തനം, വിദ്യാഭ്യാസം, ഹെൽത്ത് കെയർ എജുക്കേഷൻ, ബിസിനസ് മാനേജ്മെന്റ്, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. താനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനായിരുന്ന ടി. നിയാസ്, നിലവിൽ കോട്ടക്കൽ അൽമാസ് കോളേജ് ഓഫ് വൊക്കേഷണൽ സ്റ്റഡീസ് ഡയറക്ടറാണ്. ഡോ. ഹുസൈൻ രണ്ടത്താണി, എ.കെ. മുസ്തഫ, ലുഖ്മാൻ അരീക്കോട്, കെ.എം. ശാഫി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പ്രമുഖർ പങ്കെടുക്കും; ഇശൽ വിരുന്നും അരങ്ങേറും
പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിക്കും. കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ മുഖ്യാതിഥിയാകും.
മോയിൻകുട്ടി വൈദ്യർ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ, ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ, പ്രശസ്ത സൂഫി ഗായകൻ അഷ്റഫ് പാലപ്പെട്ടി, കോട്ടക്കൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സന്ദീപ് കെ. നായർ, സെക്രട്ടറി മഠത്തിൽ രവി, കോട്ടക്കൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് നസീർ മേലേതിൽ, എഴുത്തുകാരൻ കെ.എം. ശാഫി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
ചടങ്ങിനോടനുബന്ധിച്ച് മുക്കം സാജിത, ശമീർ ചാവക്കാട് എന്നിവർ നയിക്കുന്ന ‘ഇശൽ വിരുന്ന്’ (മാപ്പിളപ്പാട്ട് ഗാനമേള) ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.