2030ലെ ലോകകപ്പില്‍ കളിക്കുമോയെന്ന് ചോദ്യം; ഒടുവില്‍ മൗനം വെടിഞ്ഞ് മെസ്സി

2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കഴിഞ്ഞതെങ്കിലും ഇതിനകം തന്നെ മിശിഹ തന്റെ വിസ്മയങ്ങള്‍ പ്രദര്‍ശിച്ച് തുടങ്ങിക്കഴിഞ്ഞു. തന്റെ കരിയറിലെ ആറാം ലോകകപ്പില്‍ എത്തിനില്ക്കുമ്പോള് മെസ്സിയും മെസ്സിപ്പടയും ലോകമെമ്പാടുമുള്ള കട്ട ഫാന്‍സും നല്ല ആത്മവിശ്വാസത്തിലുമാണ്. മെസ്സിയെ കണ്ടുകണ്ടങ്ങനിരിക്കേ ആരാധകര്‍ക്കിടയില്‍ ഒരു നൂറാവര്‍ത്തി വീണ്ടും ആ ചോദ്യം മുഴങ്ങുകയാണ്. ഇതാകുമോ മെസ്സി കളിക്കുന്ന അവസാന ലോകകപ്പ്? 2030ല്‍ സ്പെയിനിലും കാണാനാകുമോ ആ വിസ്മയം? മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും മെസ്സിയോട് ആ ചോദ്യം ചോദിച്ചു. ഒടുവില്‍ മെസ്സി മൗനം വെടിഞ്ഞു.

ഈ ലോകകപ്പിന് ശേഷവും മെസ്സി തുടരുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ തന്റെ ആരോഗ്യം അനുവദിച്ചാല്‍ കുറച്ചുകാലം കൂടി കളിക്കണമെന്നാണ് ആഗ്രഹമെന്ന് മെസ്സി വ്യക്തമാക്കി. എന്റെ ടീമിനായി എനിക്കെന്റെ മുഴുവന്‍ ശേഷിയും സമര്പ്പിക്കാനാകുമെങ്കില്, എന്റെ ടീമിലുള്ളവരെ സഹായിക്കാനാകുമെങ്കില്‍, ശാരീരികമായി മറ്റ് പ്രശ്നങ്ങളില്ലെങ്കില്‍ ഞാന്‍ കളി തുടരും. മെസ്സി പറഞ്ഞു.
കുറച്ചുകൂടി വ്യക്തത വരുത്തുന്നതിനായി 2030ലെ ലോകകപ്പില്‍ കളിക്കുമോ എന്ന് മാധ്യമങ്ങള്‍ മെസ്സിയോട് ചോദിച്ചു. താന്‍ അതേക്കുറിച്ച് സത്യത്തില്‍ ഇപ്പോള്‍ ചിന്തിക്കുന്നതേയില്ല എന്നായിരുന്നു മെസ്സിയുടെ മറുപടി. ഇപ്പോഴുള്ള കളിയില്‍ മാത്രമാണ് തന്റെ മുഴുവന്‍ ശ്രദ്ധയും. 2030ലെ ലോകകപ്പ് എന്നത് വളരെ ദൂരെയുള്ള, ഭാവിയില്‍ നടക്കാനിരിക്കുന്ന ഒരു കാര്യമാണ്. ഒരു സമയം ഒരു കാര്യത്തില്‍ ഏകാഗ്രതയോടെ ശ്രദ്ധിച്ച് മുന്നോട്ടുപോകുക എന്നതാണ് തന്റെ രീതി. അതിനാല്‍ ബാക്കിയെല്ലാം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും മെസ്സി പറഞ്ഞു.

