അൻസിബയുടെ പരാതിക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേട്ടുകേള്‍വിയില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്

കൊച്ചി : പ്രമുഖ നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസ്സൻ നല്‍കിയ പരാതിയില്‍ കേസെടുക്കാൻ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് റിപ്പോർട്ട്.

കടവന്ത്ര സി.ഐ എറണാകുളം എസ്.പിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേവലം കേട്ടുകേള്‍വിയുടെയോ മറ്റൊരാള്‍ പറഞ്ഞു കേട്ട വിവരങ്ങളുടെയോ മാത്രം അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പരാതിയുമായി ബന്ധപ്പെട്ട അൻസിബയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ ഈ നിർണായക റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ജൂണ്‍ ഒന്നിനാണ് അൻസിബ ടിനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താൻ മതം മാറ്റാൻ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു. താൻ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബ പരാതിയില്‍ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്.

ഇതിന് പിന്നാലെ അൻസിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തുകയും ചെയ്തിരുന്നു. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവർത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താൻ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. തുടർന്ന് ടിനി ടോമിനെ പിന്തുണച്ചും എതിർത്തും അമ്മ സംഘടനയിലെ അഭിനേതാക്കള്‍ രംഗത്തെത്തിയിരുന്നു.
