പത്തനംതിട്ടയിലെ വ്യാജ പോക്സോ കേസ്: പൊലീസിനെതിരെ കോടതിയെ സമീപിക്കാൻ കസ്റ്റഡിയിലെടുത്തവരുടെ കുടുംബം

പത്തനംതിട്ട കൂടലിലെ വ്യാജ പോക്സോ കേസിൽ പോലീസിനെതിരെ കോടതിയെ സമീപിക്കുമെന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാവ്. മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കപ്പെട്ടെന്നും, കുട്ടികൾ അനുഭവിച്ച മാനസിക ബുദ്ധിമുട്ട് മറ്റൊരാൾക്കും ഉണ്ടാകാൻ പാടില്ലെന്നും അമ്മ പറഞ്ഞു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനാണ് രക്ഷിതാക്കളുടെ തീരുമാനം. പൊലീസിനെതിരെ പരാതി നൽകിയ ഹൃദ്രോഗിയായ യുവാവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തങ്ങളുടെ കുട്ടികൾ അനുഭവിച്ചതുപോലെ ഒരു ബുദ്ധിമുട്ട് ഇനി മറ്റൊരു വീട്ടിലെ കുട്ടിയും അനുഭവിക്കാൻ പാടില്ലെന്ന് മാതാവ് പറയുന്നു. കുട്ടികൾ അത്രയും അപമാനിക്കപ്പെട്ടു കുട്ടികൾക്ക് നീതി വേണമെന്നും മാതാവ് പറയുന്നു. ചോദ്യം ചെയ്യൽ നടത്തുന്നതിന് പകരം കുറ്റം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് ആരോപണം. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നൽകിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചായിരിക്കും അന്വേഷണം.
പോക്സോ കേസ് ആയതിനാൽ വിശദമായി അന്വേഷണം നടത്തി മാത്രം കേസ് അവസാനിപ്പിച്ചാൽ മതിയെന്ന നിലപാടിലാണ് പോലീസ്. പരാതി ഉണ്ടാകാൻ ഇടയായ സാഹചര്യം പരിശോധിച്ചു കേസുമായി ബന്ധപ്പെട്ട ദുരൂഹത പൂർണ്ണമായും പുറത്തുകൊണ്ടുവരും. പരാതിക്കാരിയായ 13 വയസ്സുകാരിയെ കൗൺസിലിങ്ങിന് വിധേയമാക്കും.

