ശമ്പളമില്ല, പിരിച്ചുവിട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയില്ല, വലഞ്ഞ് 300ഓളം ജീവനക്കാര്‍; ടാല്‍റോപ്പിനെതിരെ പരാതി

പിരിച്ചുവിട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാല്‍റോപ്പ് എന്ന കമ്പനി. മുന്നൂറോളം ജീവനക്കാരാണ് ജോലിയും ശമ്പളവും ഇല്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. കമ്പനി പറഞ്ഞിരുന്ന നഷ്ടപരിഹാരവും, ശമ്പള കുടിശ്ശികയും നല്‍കുന്നില്ല എന്നാണ് ജീവനക്കാരുടെ പരാതി. നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തോടെ കമ്പനി ചില ജീവനക്കാരോട് രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചിലരെ പിരിച്ചു വിടുകയും ചെയ്തതോടെയാണ് പ്രതിസന്ധി തുടങ്ങുന്നത്. പിന്നീട് ജനുവരിയില്‍ കമ്പനി പൂട്ടുന്നു എന്ന് കാണിച്ച് ജീവനക്കാര്‍ക്ക് നോട്ടീസ് അയച്ചു. പലപ്പോഴായി മുടങ്ങിയ ശമ്പളവും, നഷ്ടപരിഹാരവും ഉള്‍പ്പെടെ നല്‍കുമെന്നാണ് നോട്ടീസില്‍ ഉണ്ടായിരുന്നത്. മാര്‍ച്ച് മാസത്തോടെ കമ്പനി പൂര്‍ണമായും അടച്ചു. എന്നാല്‍ നാളിതുവരെ ആയിട്ടും മുടങ്ങിയ ശമ്പളം പോലും നല്‍കിയിട്ട് ഇല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ വളര്‍ച്ച മൂലമാണ് പൂട്ടേണ്ടി വന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കുമെന്നും കൃതമായ ഒരു ദിവസം പറയാന്‍ കഴിയില്ല എന്നും കമ്പനി സിഇഒ ജോണ്‍സ് ജോസഫ് പറഞ്ഞു. 19 കമ്പനികളിലായിട്ടാണ് ജീവനക്കാര്‍ ജോലിയെടുത്തത്. അതിനാല്‍ നിയമ സാധ്യത ഇല്ലെന്നാണ് തൊഴില്‍ വകുപ്പില്‍ നിന്നും പറയുന്നത് എന്നും ജീവനക്കാര്‍ പറയുന്നു. കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയതാണ് ടാല്‍റോപ്പ്.

