വിദേശികളെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്പുകൾ വഴി തട്ടിപ്പ്; അന്താരാഷ്ട്ര സൈബർ സംഘം പിടിയിൽ

വിദേശികളെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്പുകൾ വഴി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര സൈബർ സംഘം തിരുവനന്തപുത്ത് പിടിയിൽ. സിറ്റി ഡാൻസാഫും , സൈബർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് DGP. കഴിഞ്ഞ ദിവസം ട്വന്റിഫോർ ന്യൂസ് പുറത്ത് കൊണ്ട് വന്ന ജൻ ധൻ യോജന പദ്ധതിയുടെ പേരിൽ നടന്ന തട്ടിപ്പിൽ ആലുവ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ശ്രീകാര്യം പോങ്ങുംമൂട് പാലാഴി ബിൽഡിങ്‌സിൽ കഴിഞ്ഞ ഒന്നരമാസമായി പ്രവർത്തിച്ചിരുന്ന ‘ശ്രീധർ കോ ഇൻവോടെക് എൽ.എൽ.പി.’ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സ്ഥാപനം കേരള പോലീസിന്റെ നിരീക്ഷണത്തിലാതിരുന്നു. രാത്രി മാത്രം പ്രവർത്തിക്കുന്ന സ്ഥാപനം ലഹരിയുടെ കേന്ദ്രം ആണെന്ന നിഗമനത്തിൽ പൊലീസ് സംഘം സ്ഥാപനത്തിൽ പരിശോധന നടത്തി. പിന്നാലെയാണ് ലോൺ ആപ്പ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വരുന്നത്. അമേരിക്ക, യുകെ, കാനഡ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് ഈ തട്ടിപ്പ് സംഘത്തിന്റെ ഇരകൾ. കേസിലെ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് ഡിജിപി വ്യക്തമാക്കി.
സംഭവത്തിൽ 18 ഉത്തരേന്ത്യക്കാരെ കസ്റ്റഡിയിലെടുത്തു. 10 പേരുടെ അറസ്റ്റ് രേഖപെടുത്തി. സ്ഥാപനത്തിലെ പ്രധാന കണ്ണികളിൽ ഒരാളായ കബീലിനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടി. 50 ഓളം കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. യു.പി സ്വദേശി ആകാശ് ദീപ് ചൗധരിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് ശൃംഖല പ്രവർത്തിച്ചിരുന്നതെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് കേരള പോലീസ്. അതിനിടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും, സർക്കാർ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആലുവ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വടക്കേക്കര സ്വദേശിയുടെ പരാതിയിലാണ് കേസ്.

