ഇന്ത്യയിലും വാട്സ്ആപ്പിന് പ്രായപരിധിയോ? ജനന തീയതി ചോദിച്ച് മെറ്റ ആപ്പ്

ഇന്ത്യയിലെ ചില ഉപയോക്താക്കളോട് ജനനത്തീയതി നൽകാൻ വാട്‌സ്ആപ്പ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്ത് ഭാവിയിൽ നടപ്പിലാക്കിയേക്കാവുന്ന പ്രായപരിധിയുമായി ബന്ധപ്പെട്ട നിബന്ധനകൾക്ക് മുന്നോടിയായാണ് ഇതെന്ന അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽനിന്ന് കുട്ടികളെ വിലക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായാണ് പ്രചരിക്കുന്ന അഭ്യൂഹം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രായം കുറഞ്ഞ ഉപയോക്താക്കൾക്കായി ഇന്ത്യ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടോ എന്ന ചർച്ചകളും സജീവമാണ്.

പ്രായം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകളൊന്നും വാട്‌സ്ആപ്പോ കേന്ദ്ര സർക്കാരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിൽ ഉപയോക്താക്കളോട് പ്രായം ചോദിച്ചുകൊണ്ടുള്ള പുതിയ നിർദ്ദേശം വന്നതിന്റെ കാരണം വ്യക്തമല്ലെങ്കിലും, വാട്‌സ്ആപ്പ് ഉപയോക്താക്കളോട് അവരുടെ പ്രായം ചോദിക്കുന്നത് പുതിയൊരു കാര്യമല്ല. രജിസ്റ്റർ ചെയ്യുമ്പോഴോ ചില പ്രത്യേക ഫീച്ചറുകൾ ഉപയോഗിക്കുമ്പോഴോ ഉപയോക്താക്കളോട് അവരുടെ പ്രായം നൽകാനോ സ്ഥിരീകരിക്കാനോ ആവശ്യപ്പെട്ടേക്കാമെന്ന് കമ്പനി അതിന്റെ ഔദ്യോഗിക സപ്പോർട്ട് പേജിൽ വ്യക്തമാക്കുന്നുണ്ട്.
ലോകത്ത് വിവിധയിടങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഓസ്ട്രേലിയ നിയമം പാസാക്കിയിട്ടുണ്ട്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഫ്രാൻസും നിരോധനമേർപ്പെടുത്തിയിരുന്നു. പ്ലാറ്റ്ഫോമുകളിൽ പൂർണ നിരോധനം അംഗീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറിയിരുന്നു.

